ചണ്ഡിഗഡ്: പഞ്ചാബിന്‍റെ 16-ാമത് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ചന്നി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. സംസ്ഥാനത്ത് മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ദലിത് വ്യക്തിയാണ് ചന്നി. രൂപ്‌നഗറിലെ ഗുരുദ്വാരയിലെ പ്രാര്‍ഥനയ്ക്ക് ശേഷമാണ് ചന്നി സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രാജ് ഭവനില്‍ വച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ചടങ്ങിനെത്തിയില്ല. അതേസമയം, ചന്നിയെ ഉച്ചവിരുന്നിനായി അമരീന്ദര്‍ സിങ് ക്ഷണിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന് ശേഷമാണ് ചന്നിയുടെ പേര് പഞ്ചാബിന്‍റെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് കൂടിയായ ഹരീഷ് റാവത്ത് പ്രഖ്യാപിച്ചത്. രൂപ്‌നഗറിലെ ചാംകൗര്‍ സാഹിബ് നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ചന്നി. അമരീന്ദര്‍ മന്ത്രിസഭയില്‍ സാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ ചുമതല വഹിച്ചിട്ടുണ്ട്.
നിലവിലെ പിസിസി അധ്യക്ഷനായ നവ്ജ്യോത് സിങ് സിദ്ദുമായുള്ള തുറന്ന പോരിനൊടുവില്‍ കഴിഞ്ഞ ദിവസം അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുകയായിരുന്നു. അമരീന്ദറിനെതിരെ പരസ്യമായി രംഗത്തെത്തിയ എംഎല്‍എമാരില്‍ ഒരാളാണ് ചന്നി എന്നതും ശ്രദ്ധേയമാണ്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പെന്ന സ്വപ്‌നവുമായി നീങ്ങുന്ന കോണ്‍ഗ്രസ് ചന്നിയിലൂടെ ലക്ഷ്യം വയ്ക്കുന്നത് ദളിത് വോട്ടുകള്‍ കൂടിയാണ്. സംസ്ഥാനത്തെ പട്ടികജാതി വോട്ടർമാരെ ആകർഷിക്കാന്‍ ബഹുജൻ സമാജ്‌വാദി പാർട്ടിയുമായി ചേര്‍ന്നുള്ള (ബിഎസ്‌പി) ശിരോമണി അകാലിദളിന്‍റെ നീക്കത്തെ ചെറുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് പഞ്ചാബിലിറക്കിയ തുറുപ്പ് ചീട്ടായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചന്നിയുടെ വരവിനെ വിലയിരുത്തുന്നത്.
Read more: ക്യാപ്റ്റനിറങ്ങിയ സ്ഥാനത്ത് കപ്പിത്താനായി ചരൺജിത് സിംഗ് ചന്നി