ഡെഹറാഡൂണ്‍: മോശം കാലാവസ്ഥയെത്തുടർന്ന് രണ്ട് ദിവസമായി നിർത്തിവെച്ചിരുന്ന ഛാർധാം തീര്‍ഥാടന യാത്ര പുനരാരംഭിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടതിനെത്തുടർന്നാണ് സോൻപ്രയാഗ്, ഗൗരികുണ്ഡ്, ജാൻകിചട്ടി എന്നിവിടങ്ങളിൽ കാത്തുനിന്നിരുന്ന തീർഥാടകർക്ക് ഹിമാലയൻ ക്ഷേത്രങ്ങളിലേക്ക് പോകാൻ അനുമതി നൽകിയത്.
കേദാർനാഥിലേക്കുള്ള ഹെലികോപ്റ്റർ സർവീസുകളും പുനരാരംഭിച്ചിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്‌ചയെയും മഴയേയും തുടർന്നാണ് രണ്ട് ദിവസം തീർഥാനടയാത്ര നിർത്തിവെച്ചിരുന്നത്. മെയ് 3 ന് ആരംഭിച്ച ഛാർധാം യാത്രയിൽ ഇതിനകം 9,69,610 തീർത്ഥാടകർ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ കേന്ദ്രങ്ങൾ സന്ദർശിച്ചതായാണ് കണക്ക്.
ബദ്രിനാഥ്, യമുനോത്രി, ഗംഗോത്രി, കേദാർനാഥ് എന്നീ നാല് പുരാതന തീർഥാടന കേന്ദ്രങ്ങളിലേക്ക് നടത്തുന്ന തീര്‍ഥാടനമാണ് 'ചാർ ധാം' എന്നാറിയപ്പെടുന്നത്. ഉത്തരാഖണ്ഡില്‍ അളകനന്ദ നദിയുടെ തീരത്ത് ഗർവാൾ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ബദ്രിനാഥ് ക്ഷേത്രം എല്ലാ വർഷവും ആറ് മാസത്തേക്ക് ഭക്തര്‍ക്കായി തുറന്നുകൊടുക്കാറുണ്ട്.