ഹൈദരാബാദ്: ഇന്ത്യയ്‌ക്ക് അഭിമാനകരമായ നേട്ടം സ്വന്തമാക്കാനിടയായ ചന്ദ്രയാന്‍ 3 (Chandrayaan 3) ദൗത്യത്തിന്‍റെ സുപ്രധാന ഭാഗങ്ങളായ വിക്രമും(ലാന്‍ഡര്‍) പ്രഗ്യാനും(റോവര്‍) (Vikram, pragyan) തങ്ങളുടെ താത്‌കാലിക ദൗത്യം പൂര്‍ത്തിയാക്കി വിശ്രമത്തിലായിരുന്നു. എന്നാല്‍, വെള്ളിയാഴ്‌ച അടുത്ത ദൗത്യത്തിനായി തയ്യാറെടുക്കാനൊരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. സൂര്യപ്രകാശം ശിവശക്തി പോയിന്‍റില്‍ (Sivashakthi point) പതിച്ചാല്‍ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു.
'ശിവശക്തി പോയിന്‍റില്‍ സൂര്യന്‍ പ്രകാശിച്ചാല്‍ ഉപകരണം വീണ്ടും പ്രവര്‍ത്തിക്കുവാന്‍ ആരംഭിക്കും. സെപ്‌റ്റംബര്‍ 22 ചന്ദ്രനില്‍ സൂര്യപ്രകാശം പതിക്കുമ്പോള്‍ ഉപകരണത്തെ റീബൂട്ട് ചെയ്യുവാന്‍ ഞങ്ങളുടെ ടീം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു'. സെപ്‌റ്റംബര്‍ രണ്ടിനായിരുന്നു വിക്രമിനെയും പ്രഗ്യാനെയും സ്ലീപ്പിങ് മോഡിലാക്കിയത്.
സ്ലീപ്പിങ് മോഡിലാക്കുന്നതിന് മുമ്പ് ഉപകരണങ്ങളില്‍ മുഴുവനായും ചാര്‍ജ് ചെയ്‌തിട്ടുണ്ടായിരുന്നു. സൂര്യോദയത്തിന് തൊട്ടുപിന്നാലെ സൂര്യപ്രകാശം സ്വീകരിക്കാൻ ലക്ഷ്യമിട്ടുള്ള സോളാർ പാനലുകൾ ഘടിപ്പിച്ചിരുന്നു. രാത്രി കാലങ്ങളില്‍ ചന്ദ്രോപരിതലത്തിലെ ശൈത്യം താങ്ങുവാന്‍ ഒരു റിസീവറും ഘടിപ്പിച്ചിരുന്നു.
രാത്രികാലങ്ങളില്‍ ചന്ദ്രോപരിതലത്തിലെ താപനില 200 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 250 ഡിഗ്രി സെല്‍ഷ്യസ് വരെയായതിനാല്‍ ദക്ഷിണധ്രുവത്തില്‍ ഉപകരണം അതിജീവിക്കുക എളുപ്പമല്ല. മറ്റ് പേടകങ്ങളെക്കാള്‍ റേഡിയോ ഐസോടോപ്പ് ഹീറ്റിങ് യൂണിറ്റ് (ആര്‍എച്ച്‌യു) ഇല്ലെന്നതാണ് ചന്ദ്രയാന്‍ 3യുടെ മറ്റൊരു വെല്ലുവിളി. പ്ലൂട്ടോണിയം -238ന്‍റെ ശോഷണം ഉപയോഗിച്ച് ബഹിരാകാശ പേടകത്തിന്‍റെ ഘടകങ്ങൾ ചൂടാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ആര്‍എച്ച്‌യു. ദൗത്യം പൂര്‍ത്തിയാക്കുന്നതു വരെ തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ നീണ്ട കാലം നിലനില്‍ക്കാന്‍ ഉപകരണത്തെ ഇത് അനുവദിക്കുന്നു.
ചന്ദ്രോപരിതലത്തില്‍ താപനില അധികമായതിനാലാണ് ദൗത്യത്തിന് 14 ദിവസത്തെ ദൈര്‍ഘ്യം നല്‍കിയിരുന്നത്. ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡ് ചെയ്‌തുകൊണ്ട് ചന്ദ്രയാന്‍ 3 ഇന്ത്യയ്‌ക്ക് ചരിത്രപരമായ നേട്ടങ്ങള്‍ പ്രദാനം ചെയ്‌തു. ഒരിടവേളയ്‌ക്ക് ശേഷം ചന്ദ്രയാന്‍ 3 പേടകം ഉണര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ശാസ്‌ത്ര പരീക്ഷണങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും പുതിയൊരു അവസരമാണ് ഒരുക്കുന്നത്.
ചന്ദ്രയാന്‍ 3യുടെ 14 ദിവസത്തെ പ്രവര്‍ത്തനത്തെ വിലയിരുത്തിയ ശേഷം ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ചാന്ദ്രോപരിതലത്തിലെ താപനിലയില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ബഹിരാകാശ ശാസ്‌ത്രജ്ഞന്‍ സുവേന്ദു പട്‌നായിക് വിലയിരുത്തി. 'ചന്ദ്രയാന്‍ 3 വിജയകരമായി ലാന്‍ഡ് ചെയ്യുകയും 14 ദിവസം പ്രവര്‍ത്തിക്കുകയും ചെയ്‌തു. രാത്രികാലങ്ങളില്‍ ചന്ദ്രനിലെ താപനില -250 ഡിഗ്രി ആവുന്നതിനെതുടര്‍ന്ന് 14 ദിവസം മാത്രമാണ് അതിന്‍റെ കാലയളവ്. അതിനാല്‍ തന്നെ പകല്‍ സമയങ്ങളില്‍ അത് പ്രവര്‍ത്തിച്ച് ആവശ്യമായ ഡാറ്റ നല്‍കുന്നു'- സുവേന്ദു പട്‌നായിക് പറഞ്ഞു.
'കഠിനമായ താപനിലയില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുക പ്രയാസമാണ്. അതിനാല്‍ തന്നെയും 14 ദിവസത്തിന് ശേഷം അത് പ്രവര്‍ത്തിക്കുന്നതല്ല. എന്നാല്‍, അത് വീണ്ടും പ്രവര്‍ത്തിക്കുമെന്ന് ചില ശാസ്‌ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഉപകരണം വീണ്ടും പ്രവര്‍ത്തിച്ചാല്‍ ഞങ്ങള്‍ക്ക് ഒരു അനുഗ്രഹമാണ്. ഇതേ പരീക്ഷണം ഞങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കും'- പട്‌നായിക് കൂട്ടിച്ചേര്‍ത്തു.