ചന്ദ്രപൂർ : മഹാരാഷ്‌ട്രയിലെ ഏക കോൺഗ്രസ് എംപി ബാലു ധനോർക്കർ (47) അന്തരിച്ചു. ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായതിന് പിന്നാലെ കുടലിലുണ്ടായ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ രാത്രി ഡൽഹി-ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽവച്ചാണ് അന്ത്യം. ധനോർക്കറുടെ മൃതദേഹം ഇന്ന് ഉച്ചയോടെ ജന്മനാടായ വരോരയിലേക്ക് കൊണ്ടുപോകും. ധനോർക്കറുടെ സംസ്‌കാര ചടങ്ങുകൾ നാളെ രാവിലെ വരോരയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്‌ചയാണ് (27.05.2023) ധനോർക്കർ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്‌ത്രക്രിയയ്ക്ക് വിധേയനായത്. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് അണുബാധയേറ്റത്. ആരോഗ്യനില മോശമായതോടെ ബാലു ധനോർക്കറെ ആദ്യം നാഗ്‌പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എയർ ആംബുലൻസിൽ ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. കുടലിലെ അണുബാധയെത്തുടർന്ന് ചികിത്സയോട് പ്രതികരിക്കാതായതോടെയാണ് മരണത്തിന് കീഴടങ്ങിയത്. ഭാര്യ പ്രതിഭ ധനോർക്കർ എംഎൽഎയാണ്. രണ്ട് ആൺമക്കളുമുണ്ട്.
നാല് ദിവസം മുൻപ് പിതാവ് മരണപ്പെട്ടു : ബാലു ധനോർക്കറുടെ ആരോഗ്യനില മോശമാകുന്നതിന് മുമ്പ് അദ്ദേഹത്തിന്‍റെ പിതാവും ഗുരുതരാവസ്ഥയിലായിരുന്നു. നാല് ദിവസം മുൻപ് ധനോർക്കറുടെ 80 കാരനായ പിതാവ് നാരായൺ ധനോർക്കർ മരണത്തിന് കീഴടങ്ങിയെങ്കിലും ചികിത്സയിലായിരുന്ന ധനോർക്കറിന് പിതാവിന്‍റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. പിതാവ് ദീർഘകാലമായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. അതിന് പിന്നാലെയാണ് എംപിയുടെ വിയോഗവും.
ബാലാസാഹെബ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ രാഷ്‌ട്രീയ ജീവിതം ആരംഭിച്ച ബാലു ധനോർക്കർ ചന്ദ്രപൂർ ജില്ലയിലെ ശക്തനായ നേതാവായി ഉയർന്നുവന്നു. 2014ൽ ചന്ദ്രപൂർ വരോര മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹം ആദ്യമായി മഹാരാഷ്‌ട്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2019ൽ ശിവസേന വിട്ട് കോൺഗ്രസിനൊപ്പം ചേർന്ന ബാലു ധനോർക്കർ ചന്ദ്രപൂർ ലോക്‌സഭ സീറ്റിൽ ജയം നേടി.
അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ് നേതാക്കൾ : 'മഹാരാഷ്ട്രയിലെ ചന്ദ്രപൂരിൽ നിന്നുള്ള കോൺഗ്രസ് ലോക്‌സഭ എംപി ശ്രീ സുരേഷ് നാരായൺ ധനോർക്കറുടെ അകാല വിയോഗത്തെക്കുറിച്ച് അറിഞ്ഞതിൽ ദുഃഖമുണ്ട്. അദ്ദേഹം താഴേത്തട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തെയും സുഹൃത്തുക്കളെയും അനുയായികളെയും ഞങ്ങളുടെ അഗാധമായ ദുഖം അറിയിക്കുന്നു. ഈ നഷ്‌ടം തരണം ചെയ്യാനുള്ള കരുത്ത് അവർക്ക് ലഭിക്കട്ടെ' - കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സാമൂഹിക മാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചു.
കോൺഗ്രസ് എംപിയുടെ മരണത്തിൽ ശശി തരൂർ എംപി അനുശോചനം രേഖപ്പെടുത്തി. 'ഞങ്ങളുടെ പാർലമെന്‍ററി സഹപ്രവർത്തകൻ, സുരേഷ് നാരായൺ ധനോർക്കർ (മഹാരാഷ്ട്രയിലെ ചന്ദ്രപൂർ നിയോജകമണ്ഡലത്തിൽ നിന്നുള്ള എംപി) അകാലത്തിൽ അന്തരിച്ചു, 17-ാം ലോക്‌സഭയിൽ ഒരു കോൺഗ്രസ് എംപിയുടെ രണ്ടാമത്തെ വിയോഗം. അദ്ദേഹത്തിന് 47 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവർക്ക് എന്‍റെ അനുശോചനം. ഓം ശാന്തി'. തരൂർ ട്വീറ്റ് ചെയ്‌തു.
അനുസ്‌മരിച്ച് ഷിൻഡെ : 'ചന്ദ്രപൂർ വരോര ലോക്‌സഭ മണ്ഡലത്തിലെ എംപി സുരേഷ് എന്ന ബാലു ധനോർക്കർ പെട്ടെന്നാണ് മരണപ്പെട്ടത്. ഊർജസ്വലനും പോരാട്ട വീര്യമുള്ള ഒരു ജനപ്രതിനിധിയെയാണ് നമുക്ക് നഷ്‌ടമായത്. ദൈവം അദ്ദേഹത്തിന്‍റെ ആത്മാവിനെ അനുഗ്രഹിക്കട്ടെ, ഈ വലിയ വേദന താങ്ങാൻ കുടുംബത്തിന് ശക്തി നൽകട്ടെ. ഹൃദയം നിറഞ്ഞ ആദരാഞ്ജലി. ഓം ശാന്തി'- മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ട്വിറ്ററിൽ കുറിച്ചു.