ബോളിവുഡ് താരസുന്ദരി കങ്കണ റണാവത്തും (Kangana Ranaut) തെന്നിന്ത്യന്‍ സൂപ്പര്‍ താരം രാഘവ ലോറൻസും (Raghava Lawrence) ഒന്നിക്കുന്ന ചിത്രമാണ് 'ചന്ദ്രമുഖി 2' (Chandramukhi 2). പി വാസു ആണ് 'ചന്ദ്രമുഖി 2'യുടെ സംവിധാനം. ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്‌കരൻ ആണ് നിർമാണം. സെപ്‌റ്റംബര്‍ 15നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. റിലീസിനോടടുക്കുമ്പോള്‍ ചിത്രം വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.
അടുത്തിടെയാണ് സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. ഓഗസ്‌റ്റ് 25ന് ചെന്നൈയില്‍ വച്ച് പ്രൗഢ ഗംഭീരമായ ചടങ്ങളുകളോടെയായിരുന്നു 'ചന്ദ്രമുഖി 2'യുടെ ഓഡിയോ ലോഞ്ച് നടന്നത്. ചടങ്ങിനിടെ രാഘവ ലോറൻസ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.
തന്‍റെ എല്ലാ സിനിമകളുടെയും ഇവന്‍റില്‍ പെർഫോം ചെയ്യുന്ന ഭിന്നശേഷിയുള്ള നര്‍ത്തകരെ കുറിച്ച് അദ്ദേഹം സംസാരിച്ചു. 'എന്‍റെ സഹോദരങ്ങൾക്കായി എപ്പോഴും ഞാനൊരു പ്രോഗ്രാം ഒരുക്കും. നൃത്തം അല്ലാതെ അവര്‍ക്ക് മറ്റൊന്നും അറിയില്ല. ഇവർ സമ്പാദിച്ചില്ലെങ്കിൽ ഇവരുടെ കുടുംബം പട്ടിണിയിലാകും. മറ്റ് ചിലരെങ്കിലും ഇത് കണ്ട് ഇവർക്ക് കൂടുതൽ അവസരങ്ങൾ കൊടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' -രാഘവ ലോറന്‍സ് പറഞ്ഞു.
ചടങ്ങിനിടെ, രാഘവ ലോറൻസ് നടത്തുന്ന ചാരിറ്റബിൾ ട്രസ്‌റ്റിലേയ്‌ക്ക് നിർമാതാവ് സുബാസ്‌കരൻ ഒരു കോടി രൂപ സംഭാവന ചെയ്‌തു. സുബാസ്‌കരനെ കുറിച്ചും രാഘവ ലോറൻസ് ചടങ്ങില്‍ പരാമര്‍ശിച്ചു.
'ഗൗരവുള്ള വ്യക്തി ആയി തോന്നുമെങ്കിലും ഹൃദയം കൊണ്ട് ഒരു കുട്ടിയുടെ മനസ്സാണ് സുബാസ്‌കരൻ സാറിന്. എല്ലാവരെയും സ്നേഹം കൊണ്ടാണ് അദ്ദേഹം വണങ്ങുന്നത്. അദ്ദേഹത്തെ ആദ്യം കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഒരു കോടി രൂപ അദ്ദേഹം സന്തോഷത്തോടെ സംഭാവന ചെയ്‌തു.' - രാഘവ ലോറന്‍സ് കൂട്ടിച്ചേര്‍ത്തു.
തന്‍റെ ട്രസ്‌റ്റിന് വേണ്ടി ആരും ഒരു സംഭാവനയും തരരുതെന്നും ചടങ്ങില്‍ രാഘവ ലോറന്‍സ് അഭ്യര്‍ഥിച്ചു. 'ഭൂമി വാങ്ങി ആ പൈസ കൊണ്ട് ഞാനൊരു കെട്ടിടം പണിയും. ആ സ്ഥലത്ത് ആയിരിക്കും എന്‍റെ വിദ്യാർഥികൾ നൃത്തം പഠിക്കുക. മറ്റുള്ളവരോട് ഒരു സംഭാവനയും തരരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു. എന്‍റെ ട്രസ്‌റ്റ് നോക്കാൻ ഞാനുണ്ട്. നിങ്ങൾക്ക് പൈസ സംഭാവന ചെയ്യണമെങ്കിൽ അതിനായി മറ്റ് ഒരുപാട് ട്രസ്‌റ്റുകളുണ്ട്. നിങ്ങൾ അവർക്കൊപ്പം നിൽക്കൂ' -നടന്‍ വ്യക്തമാക്കി.
തന്‍റെ റിലീസിനൊരുങ്ങുന്ന 'ചന്ദ്രമുഖി 2' സിനിമയെ കുറിച്ചും നടന്‍ വാചാലനായി. 'വമ്പൻ താരനിരയുമായി മാത്രം സിനിമകൾ ചെയ്യുന്ന സുബാസ്‌കരൻ സർ എന്നെ വച്ച് സിനിമകൾ ചെയ്യുമോ എന്നത് എനിക്ക് അതിശയമായിരുന്നു. എന്നാൽ 'ചന്ദ്രമുഖി 2' പോലെ ഒരു ബ്രഹ്മാണ്ഡ ചിത്രം അദ്ദേഹം എടുത്തു. സംവിധായകൻ വാസു സാറിന് 40 വർഷത്തെ പരിചയ സമ്പത്തുണ്ട്. ഞാനൊരു ഡാൻസർ ആയി എത്തുമ്പോൾ തന്നെ അദ്ദേഹം ഒരു ഹിറ്റ് സംവിധായകന്‍ ആയിരുന്നു.
ഈ സിനിമയുടെ വിജയത്തിന് അദ്ദേഹം തന്നെയാണ് കാരണം. കങ്കണ റണാവത്ത് മാഡം ആണ് സിനിമയില്‍ നായികയായി എത്തുന്നതെന്ന് അറിഞ്ഞപ്പോൾ ഞെട്ടല്‍ ആയിരുന്നു. ഒരു ബോൾഡ് വ്യക്തിയാണ്. പരിചയപ്പെടുന്നതിന് മുമ്പ് എനിക്ക് പേടി ആയിരുന്നു. പിന്നീട് ഞങ്ങൾ സുഹൃത്തുക്കള്‍ ആയി. സിനിമയിലെ ആ കഥാപാത്രമായി മാഡം ജീവിക്കുക ആയിരുന്നു' - രാഘവ ലോറന്‍സ് പറഞ്ഞു.
ഓസ്‌കര്‍ പുരസ്‌കാര ജേതാവ് എംഎം കീരവാണിയെ കുറിച്ചും രാഘവ ലോറന്‍സ് വാചാലനായി. 'കീരവാണി സാറിനെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകള്‍ ഇല്ല. ജോലിയിൽ ഒരിക്കലും അദ്ദേഹം ടെൻഷൻ അടിക്കാറില്ല. ഈ സിനിമയ്‌ക്കായി ഒരുമിച്ച് ജോലി ചെയ്‌തപ്പോഴാണ് ഞാനത് മനസ്സിലാക്കുന്നത്. ആസ്വദിച്ചാണ് അദ്ദേഹം ജോലി ചെയ്യുന്നത്. അതുകൊണ്ടാണ് ഈ സിനിമയില്‍ ഒരുപാട് നല്ല ഗാനങ്ങള്‍ ഉള്ളത്. ക്യാമറാമാൻ രാജശേഖരൻ, എഡിറ്റർ ആന്‍റണി, കലാസംവിധായകൻ തോട്ട തരണി തുടങ്ങിയ അണിയറപ്രവർത്തകരാണ് ചന്ദ്രമുഖി 2ന്‍റെ വിജയത്തിന് പിന്നിൽ. ചന്ദ്രമുഖി 2 പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന ചിത്രം തന്നെയാകും' - രാഘവ ലോറന്‍സ് കൂട്ടിച്ചേര്‍ത്തു.
'ചന്ദ്രമുഖി 2'വിലെ നായിക കങ്കണ റണാവത്തും ചടങ്ങില്‍ സംസാരിച്ചു. 'എന്‍റെ അഭിനയ ജീവിതത്തിൽ ചന്ദ്രമുഖി 2 പോലൊരു ചിത്രം ഞാൻ ചെയ്‌തിട്ടില്ല. ആരോടും ഞാന്‍ അവസരങ്ങൾ ചോദിച്ചിട്ടില്ല. ആദ്യമായി ഞാനിത് സംവിധായകൻ പി വാസു സാറിനോട് ചോദിച്ചു. ഈ സിനിമയിൽ എന്‍റെ റോളിനൊപ്പം എല്ലാ കഥാപാത്രങ്ങൾക്കും വാസു സർ തുല്യ പ്രാധാന്യം നൽകി. അദ്ദേഹത്തിനാണ് മുഴുവൻ ക്രെഡിറ്റും.
ലോറൻസ് മാസ്‌റ്റർ പലർക്കും പ്രചോദനമാണ്. ഒരു സാധാരണ നർത്തകനായി തുടങ്ങിയ അദ്ദേഹം ഇൻഡസ്ട്രിയിൽ ഇന്ന് നായകനും സംവിധായകനും ആയി മാറി. അദ്ദേഹത്തിന് വളരെ നല്ല മനസ്സാണ്. മുഖത്ത് പുഞ്ചിരിയോടെ എല്ലാ സാഹചര്യങ്ങളും അദ്ദേഹം കൈകാര്യം ചെയ്യുന്നു. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അങ്ങനെ ഒരു സ്വഭാവം ഉള്ളൂ.
തോട്ട തരണി സർ, നീത ലുല്ല, രാജശേഖർ സർ തുടങ്ങി മികച്ച സാങ്കേതിക വിദഗ്‌ധര്‍ക്കൊപ്പം ഞാൻ പ്രവർത്തിച്ചു. വടിവേലു സാറിന്‍റെ വലിയ ആരാധികയാണ് ഞാൻ. ഈ സിനിമയിൽ അദ്ദേഹം തന്‍റെ ശൈലി കൊണ്ട് രസിപ്പിക്കുന്നു. ലോകം മുഴുവൻ കീരവാണി സാറിനെ കുറിച്ച് സംസാരിക്കുകയാണ്. അദ്ദേഹം ഓസ്‌കര്‍ പുരസ്‌കാരം നേടിയതിന് ശേഷം എനിക്ക് ഓസ്‌കര്‍ ലഭിച്ചതായി തോന്നി. സുബാസ്‌കരൻ സർ വളരെ നല്ല മനുഷ്യനാണ്. അദ്ദേഹത്തിന്‍റെ നിർമ്മാണം ചന്ദ്രമുഖി 2വിനെ മികച്ച വിജയമാക്കും' - കങ്കണ റണാവത്ത് പറഞ്ഞു.
Also Read: കൊട്ടാര നര്‍ത്തകി ചന്ദ്രമുഖിയായി കങ്കണ റണാവത്ത്; ചന്ദ്രമുഖി 2 ഫസ്‌റ്റ് ലുക്ക് വൈറല്‍
സംവിധായകൻ പി വാസുവും ചടങ്ങില്‍ പ്രതികരിച്ചു. 'സംവിധായകൻ എന്ന നിലയിൽ, ന്യൂ ജനറേഷൻ സംവിധായകരോട് മത്സരിക്കാനാണ് ഞാൻ എപ്പോഴും ശ്രമിക്കുന്നത്. ആ രീതിയില്‍ ചിന്തിച്ചാണ് ഞാൻ 'ചന്ദ്രമുഖി 2' ഒരുക്കിയത്. ഗംഭീരതയുടെ പര്യായമാണ് ലൈക്ക പ്രൊഡക്ഷൻസ്. അവർ മികച്ച സിനിമകൾ നിർമിച്ചു. തമിഴ് സിനിമാലോകത്തിന് ഒരു നിധി പോലെയാണ് സുഭാസ്‌കരൻ സർ. ഒരു ടെക്‌നീഷ്യൻ എന്ന നിലയിലുള്ള എന്‍റെ നാല് പതിറ്റാണ്ടിന്‍റെ യാത്ര, നിങ്ങൾ പറയുന്നത് വരെ ഞാൻ ഓർത്തില്ല.
എന്‍റെ യാത്രയിൽ എന്നെ ഒരു അഭിനേതാവായി സ്വീകരിച്ചതിന് എല്ലാ അഭിനേതാക്കൾക്കും സാങ്കേതിക വിദഗ്‌ധർക്കും ഹൃദയപൂർവം നന്ദി പറയുന്നു. ലോറൻസിനൊപ്പം 'ചന്ദ്രമുഖി 2' ഞങ്ങൾ ഒരുക്കുന്നു എന്ന് ഞാൻ രജനികാന്ത് സാറിനോട് പറഞ്ഞപ്പോൾ, ചിത്രം വൻ വിജയമാകുമെന്ന് അദ്ദേഹം പറഞ്ഞു. സുഭാസ്‌കരൻ സാറും ലൈക്ക പ്രൊഡക്ഷൻസ് സിഇഒ തമിഴ് കുമാരൻ സാറും മികച്ച പിന്തുണ നൽകിയിട്ടുണ്ട്. കഥ കേട്ടതിന് ശേഷമാണ് ഈ സിനിമ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞത്. ഈ സിനിമയുടെ യാത്ര അവിടെ തന്നെ ആരംഭിച്ചു.
കഥയുടെ പൂർണരൂപം വികസിപ്പിച്ച ശേഷം ഞാൻ ആദ്യം കഥ പറഞ്ഞത് വടിവേലു സാറിനോടായിരുന്നു. അദ്ദേഹത്തിന് അത് പെട്ടെന്ന് ഇഷ്‌ടപ്പെട്ടു. ചിരിപ്പിച്ച് ടെൻഷനുകൾ മറക്കാൻ സഹായിക്കുന്ന ഒരു ഡോക്‌ടര്‍ ആണ് വടിവേലു സർ. കീരവാണി സർ ഓസ്‌കര്‍ നേടിയതിലൂടെ ലോകത്തെ തന്‍റെ നേർക്ക് തിരിയാൻ പ്രേരിപ്പിച്ചു. പക്ഷേ, അദ്ദേഹം നിശബ്‌ദനായി തന്‍റെ ജോലി ചെയ്യുന്നതിൽ ഉറച്ചുനിൽക്കുന്നു. അദ്ദേഹത്തിന്‍റെ സംഗീതം ഈ സിനിമയ്‌ക്ക് വലിയ മുതൽക്കൂട്ടാണ്. സിനിമയ്‌ക്ക് വേണ്ടി എല്ലാം സെറ്റ് ചെയ്‌തതോടെ ചന്ദ്രമുഖിയുടെ റോളിൽ ആരെ അവതരിപ്പിക്കും എന്ന ആശയക്കുഴപ്പത്തില്‍ ആയിരുന്നു ഞങ്ങൾ.
ആ സമയത്ത് ഞാനൊരു കഥ പറയാൻ കങ്കണയുടെ അടുത്ത് പോയി. എന്നിട്ട് കങ്കണ 'ചന്ദ്രമുഖി 2'നെ കുറിച്ച് ചോദിച്ചു. ആരാണ് ആ വേഷം ചെയ്യുന്നതെന്ന് കങ്കണ അന്വേഷിച്ചു. ആ റോളിലേക്ക് ആരെയും ഫൈനൽ ചെയ്‌തിട്ടില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ, സമ്മതം ആണെങ്കിൽ ഞാനത് ചെയ്യാമെന്ന് കങ്കണ പറഞ്ഞു. കങ്കണ അത് ചെയ്യാമെന്ന് പറഞ്ഞ ശേഷം ഞാൻ വല്ലാത്ത സന്തോഷത്തിലായിരുന്നു. തന്‍റെ റോളിൽ അത്ഭുതകരമായി അവര്‍ അഭിനയിച്ചു. ഈ സിനിമയില്‍ ലോറൻസ് മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ഈ സിനിമയുടെ യാത്രയിൽ എന്നെ പിന്തുണച്ച ഓരോ നടീനടന്മാർക്കും സാങ്കേതിക വിദഗ്‌ധർക്കും നന്ദി'- സംവിധായകൻ പി വാസു പറഞ്ഞു.
ചടങ്ങില്‍ സംഗീത സംവിധായകന്‍ എംഎം കീരവാണിയും സംസാരിച്ചു. 'ഓസ്‌കർ അവാർഡ് നേടിയ ശേഷം ഞാൻ സംഗീതം നൽകിയ സിനിമയാണ് ചന്ദ്രമുഖി 2. എനിക്കിത്രയും നല്ല അവസരം തന്ന സംവിധായകൻ പി വാസു സാറിന് നന്ദി. വാസു സർ നല്ലൊരു സംവിധായകൻ മാത്രമല്ല, നല്ലൊരു ഗായകന്‍ കൂടിയാണ്. എന്‍റെ അടുത്ത ചിത്രത്തില്‍ അദ്ദേഹത്തെ ഒരു ഗായകന്‍ ആക്കണം. രാഘവ ലോറൻസിന്‍റെ പിന്തുണയോടെ ഗാനങ്ങൾ നന്നായി വന്നു. വടിവേലു സാറിന്‍റെ കോമഡിയാണ് ചന്ദ്രമുഖി 2 വിന്‍റെ പ്രധാന ഹൈലൈറ്റ്. കങ്കണ റണാവത്ത് എന്‍റെ പ്രിയപ്പെട്ട കലാകാരിയാണ്. ഒപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ എനിക്ക് സന്തോഷം ഉണ്ട്. ഷെഡ്യൂൾ അനുസരിച്ച് ചിത്രം പൂർത്തിയാക്കാൻ ഞാൻ ഏഴ് പ്രോഗ്രാമർമാരോടൊപ്പം പ്രവർത്തിച്ചു. വിട്ടുവീഴ്‌ച ഇല്ലാത്ത രീതിയിലാണ് സുഭാസ്‌കരൻ ചന്ദ്രമുഖി 2 ഒരുക്കിയിരിക്കുന്നത്' -കീരവാണി പറഞ്ഞു.
മാമന്നന് ശേഷമുള്ള വടിവേലുവിന്‍റെ പുതിയ ചിത്രമാണ് ചന്ദ്രമുഖി. 'അടുത്ത കാലത്ത് ഞാൻ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഞാൻ സിനിമയിലേക്ക് വീണ്ടും വന്നു. മാമന്നന് ശേഷം ചന്ദ്രമുഖി 2 എന്ന സിനിമയിലൂടെയാണ് ഞാൻ വരുന്നത്. സുബാസ്‌കരന്‍ സർ എനിക്ക് അവസരം നല്‍കി. തമിഴ് കുമാരൻ സാറിന്‍റെ പിന്തുണ മറക്കാൻ കഴിയില്ല. വാസുവിന്‍റെ കരിയറിലെ ഒട്ടനവധി ബ്ലോക്ക്ബസ്‌റ്റർ സിനിമകള്‍ക്ക് ഞാൻ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചന്ദ്രമുഖി 2വിന്‍റെ കഥ ആദ്യം കേട്ടത് ഞാന്‍ ആണ്. എനിക്ക് ഇഷ്‌ടപ്പെട്ടതിന് ശേഷം ഞാൻ തമിഴ് കുമാരൻ സാറിനെ വിളിച്ച് പറഞ്ഞു. ചിത്രത്തിൽ മുരുഗേശന്‍റെ വേഷത്തിൽ ഞാൻ എത്തും. സിനിമയില്‍ കങ്കണ റണാവത്ത് മാഡം മികച്ച പ്രകടനം കാഴ്‌ചവച്ചു. മറ്റ് അഭിനേതാക്കള്‍ക്കും അണിയറപ്രവർത്തകർക്കും എനിക്കും ഈ അവസരം നൽകിയവർക്ക് നന്ദി.'-വടിവേലു പറഞ്ഞു.
Also Read: Chandramukhi 2 Moruniye song 'മോരുണിയെ...'; 'ചന്ദ്രമുഖി 2'വിലെ രണ്ടാമത്തെ ഗാനം പുറത്ത്
ഛായാഗ്രാഹകൻ ആർ ഡി രാജശേഖർ, കലാസംവിധായകൻ തോട്ട തരണി, സാഹ മഹിമ, സൃഷ്‌ടി എന്നിവരും ചടങ്ങിൽ പങ്കെടുത്ത് 'ചന്ദ്രമുഖി 2'വിന് മികച്ച വിജയം ആശംസിച്ചു. ഓസ്‌കർ അവാർഡ് നേടിയതിന് സംഗീത സംവിധായകൻ എംഎം കീരവാണിയെ ലൈക്ക പ്രൊഡക്ഷൻസ് എംഡി സുബാസ്‌കരൻ അനുമോദിച്ചു. ചലച്ചിത്ര രംഗത്ത് 40 വർഷം പൂർത്തിയാക്കിയ സംവിധായകന്‍ പി വാസുവിനെ ലൈക്ക പ്രൊഡക്ഷൻസ് എംഡി സുബാസ്‌കരൻ അനുമോദിച്ചു.