അമരാവതി (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശ് സ്‌കില്‍ ഡെവലപ്‌മെന്‍റ് അഴിമതിയില്‍ (Andhra Pradesh Skill Development Scam) സിഐഡി (CID) രജിസ്‌റ്റര്‍ ചെയ്‌ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടിഡിപി നേതാവും (TDP Leader) മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു (Chandrababu Naidu) ഹൈക്കോടതിയില്‍. സിഐഡി രജിസ്‌റ്റര്‍ ചെയ്‌ത കേസിന്‍റെ അടിസ്ഥാനത്തില്‍ അഴിമതി വിരുദ്ധ ബ്യൂറോ (Anti Corruption Bureau) പുറപ്പെടുവിച്ച ജുഡീഷ്യല്‍ റിമാന്‍ഡ് ഉത്തരവ് (Judicial Remand Order) തള്ളണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. എന്നാല്‍ ഇദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയില്‍ കൗണ്ടര്‍ ഫയല്‍ ചെയ്യാന്‍ സിഐഡി സമയം ആവശ്യപ്പെടുകയായിരുന്നു.
സമയം നീട്ടി നല്‍കി കോടതി: ഇത് പരിഗണിച്ച കോടതി ചന്ദ്രബാബു നായിഡു സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ കൗണ്ടര്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യാന്‍ സെപ്‌റ്റംബര്‍ 18 വരെ സമയം നീട്ടി നല്‍കി. മാത്രമല്ല കേസ് സെപ്റ്റംബര്‍ 19 ന് പരിഗണിക്കുന്നതിനായി കോടതി മാറ്റി. അതുവരെ സിഐഡി നൽകിയ കസ്‌റ്റഡി ഹർജിയിൽ അന്വേഷണം നടത്തരുതെന്ന് എസിബി കോടതിയോടും ഹൈക്കോടതി അറിയിച്ചു.
അതേസമയം ചന്ദ്രബാബു നായിഡുവിനെ അഞ്ച് ദിവസത്തേക്ക് കസ്‌റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് സിഐഡി വിജയവാഡയിലെ അഴിമതി വിരുദ്ധ ബ്യൂറോ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകന്‍: എന്നാല്‍ അറസ്റ്റിലായ ചന്ദ്രബാബു നായിഡുവിന്‍റെ ജീവൻ അപകടത്തിലാണെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയിൽ അറിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ജീവന് ഭീഷണിയുണ്ടെന്നും ഉടൻ തന്നെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്നും അഭിഭാഷകൻ സിദ്ധാർഥ് ലൂത്രയാണ് എസിബി കോടതിയെ അറിയിച്ചത്. ചന്ദ്രബാബു നായിഡുവിന് രാജമഹേന്ദ്രവാരം സെൻട്രൽ ജയിലിൽ (Rajamahendravaram Central Jail) സുരക്ഷയില്ലെന്നും മുൻ മുഖ്യമന്ത്രിയെ കൊടുംകുറ്റവാളികളുള്ള ജയിലിലടച്ചത് ശരിയായില്ലെന്നും ലൂത്ര ചൂണ്ടിക്കാട്ടിയിരുന്നു.
ചന്ദ്രബാബു നായിഡുവിന് ഇസഡ് പ്ലസ് സെക്യൂരിറ്റി (Z+ Security) കാറ്റഗറി സുരക്ഷയുള്ളതിനാൽ അദ്ദേഹം നാഷണൽ സെക്യൂരിറ്റി ഗാർഡുകളുടെ സംരക്ഷണത്തിലാണെന്നും നായിഡുവിന് 73 വയസ്സുണ്ടെന്നും അദ്ദേഹം പ്രമേഹവും ബിപിയും കൊണ്ട് മല്ലിടുകയാണെന്നും ലൂത്ര കോടതിയിൽ വാദിച്ചിരുന്നു. തന്‍റെ വാദങ്ങളെ സാധൂകരിക്കാൻ മനുഷ്യാവകാശ പ്രവർത്തകനായ ഗൗതം നവലാഖയുടെ (Gautam Navalakha) ഉദാഹരണവും ലൂത്ര കോടതിയുടെ മുൻപിൽ വിവരിച്ചു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രജിസ്റ്റർ ചെയ്‌ത കേസിൽ അറസ്റ്റിലായ ഗൗതം നവലാഖയെ മുംബൈയിൽ കർശന ഉപാധികളോടെ വീട്ടുതടങ്കലിൽ കഴിയാൻ സുപ്രീംകോടതി അനുവദിച്ചിരുന്നുവെന്നും സമാന രീതിയിൽ ചന്ദ്രബാബു നായിഡുവിനും വീട്ടുതടങ്കൽ അനുവദിക്കണമെന്നുമായിരുന്നു സിദ്ധാർഥ് ലൂത്രയുടെ വാദം. എന്നാല്‍ ഈ ഹർജിയെ എതിർത്ത ആന്ധ്രാപ്രദേശ് സിഐഡി വിഭാഗം മുൻ മുഖ്യമന്ത്രിയെ 15 ദിവസത്തെ കസ്‌റ്റഡിയിൽ വേണമെന്നും ആവശ്യപ്പെട്ടു.