ഹൈദരാബാദ്: "ഞങ്ങൾ ശത്രുക്കളുടെ വെടിയുണ്ടകളെ നേരിടും. ഞങ്ങൾ സ്വതന്ത്രരാണ്, സ്വതന്ത്രരായി തന്നെ തുടരും." ചന്ദ്രശേഖർ ആസാദ് എന്നറിയപ്പെടുന്ന, ചന്ദ്രശേഖർ തിവാരിയുടെ വാക്കുകളാണിത്. രാജ്യത്തിനുവേണ്ടി പോരാടാന്‍ ഊര്‍ജമോകിയ വിപ്ലവകാരിയെ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തില്‍ ഓര്‍ത്തെടുക്കേണ്ടത് പ്രധാനമാണ്.
ജീവിതം മാത്രമല്ല, അദ്ദേഹത്തിന്‍റെ മരണവും സ്വാതന്ത്ര്യ സമരകാലത്ത് വിപ്ലവം സൃഷ്ടിയ്‌ക്കുകയുണ്ടായി. 1906 ജൂലൈയിൽ മധ്യപ്രദേശിലെ അലിരാജ്‌പൂര്‍ ജില്ലയിലാണ് രാജ്യത്തിന്‍റെ ഈ വീരപുത്രന്‍ ജനിച്ചത്. 15-ാം വയസിൽ മഹാത്മാഗാന്ധിയുടെ നിസഹകരണ പ്രസ്ഥാനത്തില്‍ അണിചേരുകയുണ്ടായി.
'പേര് ആസാദ്, അച്ഛന്‍റെ പേര് ആസാദി'
ബനാറസിൽ (വാരണാസി) ഗാന്ധിയുടെ നിസഹകരണ പ്രസ്ഥാനത്തിൽ (1920-22) പങ്കെടുത്തതിന് പൊലീസ് അറസ്റ്റുചെയ്‌ത അദ്ദേഹത്തെ ഒരു മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പേര് ചോദിച്ചപ്പോള്‍ 'ആസാദ്' (ഉറുദുവില്‍ സ്വാതന്ത്ര്യം അല്ലെങ്കിൽ വിമോചനം) എന്ന് പേര് പറയുകയുണ്ടായി. പിതാവിന്‍റെ പേര് 'ആസാദി' (സ്വാതന്ത്ര്യം) എന്നും വിലാസം 'ജയിൽ' എന്നും പറയുകയുണ്ടായി.
പ്രായം പരിഗണിച്ച് ജയിലിൽ അടച്ചില്ലെങ്കിലും പൊലീസിന്‍റെ ചാട്ടവാറടിയ്‌ക്ക് ഇരയായി. ബ്രിട്ടീഷുകാരുടെ ക്രൂരതയ്‌ക്ക് ഇരയായ യുവപോരാളിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്തിന് പരിചയപ്പെടുത്തി. ഇത് ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് പ്രശസ്‌തി നേടുന്നതിന് ഇടയാക്കി. അങ്ങനെ ചന്ദ്രശേഖർ തിവാരി ചന്ദ്രശേഖർ ആസാദ് എന്നറിയപ്പെടാന്‍ തുടങ്ങി.
ബ്രിട്ടീഷുകാര്‍ക്ക് മുന്‍പില്‍ അടിപതറാത്ത ചങ്കുറപ്പ്
1922 ഫെബ്രുവരിയിൽ, ചൗരി ചൗരയിൽ സ്വാതന്ത്ര്യത്തിനായി പോരാടിയ ജനക്കൂട്ടം നിരവധി പൊലീസുകാരെ കൊലപ്പെടുകത്തുകയുണ്ടായി. ഇതേതുടര്‍ന്ന് ഗാന്ധിജി നിസഹകരണ പ്രസ്ഥാനം താത്‌ക്കാലികമായി നിർത്തി. ഇതേതുടര്‍ന്ന്, നിരാശനായ ആസാദ് തീവ്ര ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷനിൽ (എച്ച്.ആർ.എ) ചേർന്നു. 1925 ഓഗസ്റ്റ് ഒന്‍പതിന് എച്ച്.ആർ.എ ബ്രിട്ടീഷുകാർക്കെതിരായ സായുധ പോരാട്ടത്തിന് പണം കണ്ടെത്തുന്നതിനായി ട്രെയിൻ കവർച്ച (കകോരി ട്രെയിൻ കവര്‍ച്ച) നടത്തി.
10 എച്ച്.ആർ.എ അംഗങ്ങൾക്കൊപ്പം ആസാദും ഈ കവർച്ചയുടെ ഭാഗമായിരുന്നു. ലഖ്‌നൗവിലേക്ക് പോകുകയായിരുന്ന ട്രെയിൻ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ശേഖരിച്ച പണമാണ് കൊള്ളയടിച്ചത്. ഈ നീക്കത്തിൽ ബ്രിട്ടീഷ് ഭരണകൂടത്തിന് വലിയ അമ്പരപ്പാണുണ്ടായത്. പിന്നീട് നിരവധി പേരെ ഗൂഢാലോചനക്കേസില്‍ പിടികൂടി.
പ്രയാഗ്‌രാജിലെ ആൽഫ്രഡ് പാർക്കിൽ ആസാദ് തന്‍റെ കൂട്ടാളികളോടൊപ്പം ഒരു പ്രസ്ഥാനത്തെക്കുറിച്ച് ആസൂത്രണം ചെയ്യുകയായുണ്ടായി. 1931 ഫെബ്രുവരി 27 നാണിത്. ഈ പദ്ധതിയിടലില്‍ ബ്രിട്ടീഷുകാർ അദ്ദേഹത്തെ എല്ലാ ഭാഗത്തു നിന്നും വളഞ്ഞു. തുടർന്ന്, ആസാദ് തന്‍റെ പിസ്റ്റൾ എടുത്ത് കൂടെയുള്ളവരോട് പോകാൻ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് സൈന്യവും അദ്ദേഹവും തമ്മില്‍ ഏറ്റുമുട്ടുകയുണ്ടായി.
'ബംതുൽ ബുഖാറ' അലഹബാദ് മ്യൂസിയത്തില്‍
മണിക്കൂറുകളോളം പൊലീസിനെ തുരത്താന്‍ ആസാദിന് കഴിഞ്ഞു. വെടിയുണ്ടകൾ തീർന്ന് അവസാനം ഒരെണ്ണം മാത്രം അവശേഷിച്ചു. രക്ഷപ്പെടാൻ ഒരു വഴിയുമില്ലെന്ന് അറിയാമായിരുന്ന ആസാദ് ബ്രിട്ടീഷ് ഭരണകൂടത്തിന് ബന്ദിയാക്കാൻ ആഗ്രഹിച്ചില്ല. അവസാന വെടിയുണ്ട കൊണ്ട് തന്‍റെ 25-ാം വയസില്‍ അദ്ദേഹം തന്‍റെ ജീവിതം അവസാനിപ്പിച്ചു.
ആസാദിന്‍റെ പക്കലുണ്ടായിരുന്ന, അദ്ദേഹം സ്നേഹപൂർവം 'ബംതുൽ ബുഖാറ' എന്ന് വിളിച്ചിരുന്നു കോൾട്ട് മോഡൽ 1903 പോക്കറ്റ് ഹാമർലെസ് സെമി-ഓട്ടോ 32 എ.സി.പി തോക്കായിരുന്നു അത്. പില്‍ക്കാലത്ത് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ആ പിസ്റ്റൾ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോവുകയുണ്ടായി. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം പിസ്റ്റൾ 1976 ജൂലൈ മൂന്നിന് രാജ്യത്തെത്തിച്ചു.
ALSO READ: 75 years of independence : ഗാന്ധിയെ അടുത്തറിഞ്ഞവര്‍ ; സമരചരിത്ര ഓർമകളില്‍ സോക്കൽ സഹോദരിമാർ
ആൽഫ്രഡ് പാർക്കിലെ അലഹബാദ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ് ഈ തോക്ക് ഇപ്പോള്‍. ആസാദ് ഇന്നും ജനങ്ങളുടെ ഹൃദയത്തില്‍ ധീരതയുടെയും ആവേശത്തിന്‍റെയും പര്യായമാണ്. ഈ യഥാർഥ സ്വാതന്ത്ര്യ സമര സേനാനിയെക്കുറിച്ച് രാജ്യം എന്നും അഭിമാനിക്കും.