ഛണ്ഡീഗഡ്: സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ജോലിക്കിടെ കൈക്കുഞ്ഞുമായെത്തിയ ഒരു വനിതാ കോൺസ്റ്റബിളിന്റെ വീഡിയോ. ശനിയാഴ്ചയാണ് ഛണ്ഡീഗഡിലെ 23-24 സെക്ടറിൽ ജോലി ചെയ്യുന്ന വനിതാ കോൺസ്റ്റബിളിന്റെ ഈ വീഡിയോ വൈറലാകുന്നത്.
അവരുടെ ജോലിയോടുള്ള പ്രതിബദ്ധതയെ പ്രശംസിക്കുന്നതിനൊപ്പം പൊലീസ് വകുപ്പിലെ തൊഴിൽ സംസ്കാരത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുകയും ചെയ്തു. അതേ സമയം ഇ.ടി.വി ഭാരത് ഛണ്ഡീഗഡ് പൊലീസുമായി ബന്ധപ്പെട്ടപ്പോൾ പ്രിയങ്ക എന്നാണ് വനിതാ കോൺസ്റ്റബിളിന്റെ പേരെന്നും രാവിലെ എട്ട് മണിക്ക് ഡ്യൂട്ടിയിൽ കയറേണ്ട പ്രിയങ്കയെ ആ സമയത്ത് കണ്ടില്ലെന്നുമാണ് അറിയാൻ കഴിഞ്ഞത്. തുടർന്ന് ജോലി സ്ഥലത്ത് റിപ്പോർട്ട് ചെയ്യാൻ പറഞ്ഞപ്പോൾ മേലുദ്യോഗസ്ഥരുമായി തർക്കമുണ്ടാകുകയും കുഞ്ഞുമായി ജോലിക്കെത്തുകയുമായിരുന്നു. എന്നാൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ കുട്ടികളെ പരിപാലിക്കുന്ന ഒരു പ്രത്യേക വിഭാഗം പൊലീസ് വകുപ്പിലുണ്ടെന്നും കൂടാതെ ഒരുപാട് പുസ്തകങ്ങളും മറ്റ് വിനോദങ്ങളും ഇവിടെയുണ്ടെന്നും പൊലീസ് അധികൃതർ അറിയിച്ചു.