ഷിംല: 21കാരനായ മനോഹര്‍ ലാലിന്‍റെ കൊലപാതകത്തിന് പിന്നാലെ ഉയര്‍ന്ന കലഹങ്ങള്‍ ഹിമാചല്‍ പ്രദേശില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നു. കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതികളുടെ വീടിന് തീവച്ച 14 പേർക്കെതിരെ പൊലീസ് കേസെടുത്തു എന്നതാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്ന വാര്‍ത്ത. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരഭിമാന കൊല?: ജൂണ്‍ 6നാണ് ചമ്പ ജില്ലയിലെ സലൂണി സബ് ഡിവിഷനില്‍ നിന്ന് മനോഹര്‍ ലാല്‍ എന്ന യുവാവിനെ കാണാതാകുന്നത്. കോവര്‍ കഴുതകളെ ഉപയോഗിച്ച് ചരക്ക് നീക്കിയാണ് മനോഹര്‍ തന്‍റെ കുടുംബം പോറ്റിയിരുന്നത്. കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു ഇയാള്‍.
മനോഹറിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് തെരച്ചില്‍ നടത്തി. മൂന്ന് ദിവസത്തിന് ശേഷം ജൂണ്‍ 9ന് മനോഹറിന്‍റെ രണ്ട് കഴുതകളെ സലൂണിയില്‍ നിന്ന് അല്‍പം മാറി പഞ്ചിയാറയില്‍ കണ്ടെത്തി. കഴുതകള്‍ക്ക് സമീപം തെരച്ചില്‍ നടത്തിയപ്പോഴാണ് സമീപത്തെ ഓടയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി ഓടയില്‍ പരിശോധന നടത്തിയപ്പോള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മനോഹറിന്‍റെ മൃതദേഹം കണ്ടെത്തി. ചാക്കിനകത്ത് അഴുകി തുടങ്ങിയ നിലയിലായിരുന്ന ശരീരം പല കഷണങ്ങളാക്കിയിരുന്നു എന്നതും സംഭവത്തിന്‍റെ ഭീകരത വര്‍ധിപ്പിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പ്രണയ ബന്ധത്തെ ചൊല്ലിയുള്ളതാണെന്ന് പൊലീസ് കണ്ടെത്തിയത്.
ഒരു മുസ്‌ലിം പെണ്‍കുട്ടിയുമായി മനോഹര്‍ പ്രണയത്തിലായിരുന്നു എന്നും ഈ ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്.
യുവാവിന്‍റെ കൊലപാതകത്തില്‍ രോഷാകുലരായ നാട്ടുകാര്‍ ആദ്യം കിഹാർ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയും പിന്നീട് പ്രതികളുടെ വീടിന് തീവയ്‌ക്കുകയും ചെയ്‌തു. ഇതില്‍ 14 പേര്‍ക്കെതിരെ നിലവില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി: സംസ്ഥാനത്ത് കോണ്‍ഗ്രസ്-ബിജെപി പോരിന് കൂടി വഴിവച്ചിരിക്കുകയാണ് മനോഹറിന്‍റെ കൊലപാതകം. ഇന്നലെ (16.06.2023) മുന്‍ ഹിമാചല്‍ മുഖ്യമന്ത്രി ജയറാം താക്കൂറും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ബിന്ദലും മറ്റ് ബിജെപി നേതാക്കള്‍ക്കൊപ്പം ചമ്പയിലേക്ക് തിരിച്ചിരുന്നു. കൊല്ലപ്പെട്ട മനോഹറിന്‍റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയ ബിജെപി നേതാക്കളെ പൊലീസ് തടയുകയാണ് ഉണ്ടായത്.
നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബിജെപി നേതാക്കളെ സലൂണി സബ് ഡിവിഷനിലേക്ക് പോകാന്‍ ചമ്പ പൊലീസ് അനുവദിച്ചില്ല. പിന്നാലെ ബിജെപി നേതാക്കള്‍ അവിടെ ധര്‍ണ നടത്തി പ്രതിഷേധിച്ചു. മനോഹര്‍ കേസില്‍ ജയറാം താക്കൂര്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടു.
പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുള്ളതായി താക്കൂര്‍ ആരോപിച്ചു. പ്രതികളുടെ അക്കൗണ്ടില്‍ കണക്കില്‍ പെടാത്ത പണം ഉണ്ടെന്നും മുന്‍ മുന്‍ഖ്യമന്ത്രി പറയുകയുണ്ടായി. 'നോട്ട് നിരോധന സമയത്ത് പ്രതികൾ 95 ലക്ഷം രൂപയുടെ പഴയ നോട്ടുകൾ മാറിയിരുന്നു. രണ്ട് കോടി രൂപയാണ് ഇവരുടെ അക്കൗണ്ടിലുള്ളത്. അതേസമയം ഇവര്‍ക്ക് ഇത്രയും വരുമാന മാർഗമില്ല. പ്രതികള്‍ക്ക് മൂന്ന് ബിഗാസ് ഭൂമി മാത്രമേയുള്ളൂ. പ്രാദേശിക കോൺഗ്രസ് നേതാക്കൾ വിഷയം അടിച്ചമർത്തുകയാണ്' -ജയറാം താക്കൂർ ആരോപിച്ചു.
ബിജെപി ആരോപണങ്ങളില്‍ പ്രതികരിച്ച് സുഖു: ജയറാം താക്കൂറിന്‍റെ ആവശ്യം പ്രതിനിധീകരിച്ച് പ്രതിപക്ഷം സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്ക് തയ്യാറായാല്‍ കേസില്‍ എന്‍ഐഎ അന്വേഷണം പരിഗണിക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു വ്യക്തമാക്കി. യുവാവിന്‍റെ കൊലപാതകം വേദനാജനകമാണെന്ന് പറഞ്ഞ സുഖു പ്രതികളായ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും പ്രതികരിച്ചു. ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം യുവാവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വീടുകള്‍ കത്തിക്കുന്നത് ഉചിതമായ നടപടി അല്ലെന്നും സംഭവത്തില്‍ ബിജെപി രാഷ്‌ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സലൂണിയില്‍ കനത്ത സുരക്ഷ: മനോഹര്‍ കൊലപാതകത്തെ തുടര്‍ന്ന് ചമ്പയിലും സലൂണിയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രദേശത്ത് സെക്ഷന്‍ 144 (നിരോധനാജ്ഞ) പ്രഖ്യാപിച്ചിട്ടുണ്ട്. സലൂണി സബ് ഡിവിഷനിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ ഏഴ് ദിവസത്തേക്ക് അടച്ചു. അഞ്ച് കമ്പനി പൊലീസുകാരെയാണ് മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്.