ന്യൂഡൽഹി: ശാസ്‌ത്രജ്ഞർക്കുള്ള മാർഗനിർദേശങ്ങളിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ. ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഗവേഷകരുടെ ജോലിഭാരം ലഘൂകരിക്കുന്നതും ശമ്പള വിതരണവും മറ്റ് അലവൻസുകളും എളുപ്പത്തിൽ ലഭ്യമാക്കുന്നതുമാണ് പുതിയ മാർഗനിർദേശം. ഇതുവഴി ഗവേഷണം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ ഓഫിസുകളിൽ കയറിയിറങ്ങാതെ തന്നെ ഗവേഷണം നടത്തുന്നതിനുള്ള കൂടുതൽ സൗകര്യങ്ങൾ ഉറപ്പുവരുത്തകയാണ് ലക്ഷ്യം.
ബയോടെക്‌നോളജി വകുപ്പിന്‍റെ സ്ഥാപക ദിനത്തിൽ ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങാണ് പുതിയ മാർഗനിർദേശം പുറത്തുവിട്ടത്. ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഗവേഷകരുടെ ആദ്യ രണ്ട് വർഷത്തെ അലവൻസ്, ഗ്രാൻഡ്-ഇൻ-എയ്‌ഡായി ആദ്യ വർഷത്തിൽ തന്നെ അനുവദിക്കുമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു.
കൂടാതെ വ്യക്തിഗത പ്രോജക്‌ട് അവലോകനം മൂന്ന് വർഷത്തേക്ക് ഒരു മിഡ്-ടേം, ഒരു പൂർത്തീകരണ അവലോകനം എന്നിങ്ങനെ ചുരുക്കിയിരിക്കുന്നു. നിലവിലെ അലവൻസ് വിതരണത്തിന്‍റെ പുനഃപരിശധന, ഫണ്ടിങ് പ്രക്രിയ കാര്യക്ഷമമാക്കൽ, ബയോ സേഫ്റ്റി റെഗുലേറ്ററി ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനുള്ള പരിഷ്കാരങ്ങൾ എന്നിവയും മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ALSO READ:യുക്രൈനിലെ ഇന്ത്യൻ എംബസി നിഷ്ക്രിയമെന്ന് കൊല്ലപ്പെട്ട നവീനിന്‍റെ അച്ഛൻ