ന്യൂഡൽഹി: ഓഗസ്റ്റ് -ഡിസംബർ കാലയളവിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്സിൻ നിർമാതാക്കളായ ബയോളജിക്കൽ-ഇ നിർമിക്കുന്ന പുതിയ തദ്ദേശീയ വാക്സിന്‍റെ 30 കോടി ഡോസുകൾ സംഭരിക്കാനൊരുങ്ങി കേന്ദ്രം. ഇതിനായി 1500 കോടി രൂപ കേന്ദ്രം മുൻകൂറായി കമ്പനിക്ക് നൽകും. ഭാരത് ബയോടെക്ക് കൊവാക്സിന് ശേഷം തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ വാക്സിനാണിത്. വാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
നെഗ്‌വാക് കൊവിഡ് വാക്സിന്‍റെ ഉൽപ്പാദനത്തിനായി ബയോളജിക്കൽ-ഇ സമർപ്പിച്ച നിർദേശങ്ങൾ ദേശീയ വിദഗ്ധ സംഘം പരിശോധിച്ച് അംഗീകാരത്തിനായി ശുപാർശ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Also Read: ഇന്ത്യയിൽ 1.34 ലക്ഷം പേര്‍ കൂടി കൊവിഡ് ബാധിതർ; മരണം 2,887
ബയോളജിക്കൽ-ഇയുടെ കൊവിഡ് വാക്സിന് പ്രാഥമിക ഘട്ടം മുതൽ മൂന്നാം ഘട്ട പഠനങ്ങൾ വരെ കേന്ദ്ര സർക്കാർ പിന്തുണ നൽകുകയും ബയോടെക്നോളജി വകുപ്പ് 100 കോടി രൂപയിലധികം സാമ്പത്തിക സഹായം നൽകുകയും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ട്രാൻസ്ലേഷൻ ഹെൽത്ത് സയൻസ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് വഴി പരിശോധനാ പഠനങ്ങൾ നടത്താൻ പിന്തുണ നൽകുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. ആത്മനിർഭർ 3.0 ന്‍റെ ഭാഗമായി കൊവിഡ് വാക്സിൻ വികസന ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമായി ആരംഭിച്ച കേന്ദ്ര സർക്കാരിന്‍റെ 'മിഷൻ കൊവിഡ് സുരക്ഷ - ഇന്ത്യൻ കൊവിഡ് -19 വാക്സിൻ ഡെവലപ്മെന്‍റ് മിഷന്‍റെ' ഭാഗമായാണ് ഇത് ഏറ്റെടുത്തതെന്ന് മന്ത്രാലയം അറിയിച്ചു.
Also Read: പൊതുഗതാഗതം നിലച്ചു; ദുരിതത്തിലായി തൊഴിലാളികള്‍
നിലവിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവീഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക് വി. എന്നീ മൂന്ന് വാക്സിനുകളാണ് രാജ്യത്ത് ഉപയോഗിക്കുന്നത്.