ന്യൂഡല്‍ഹി: പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായമായി 4382 കോടി അനുവദിച്ചു. അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല സമിതിയാണ് കേന്ദ്ര സഹായത്തിനുള്ള അനുമതി നല്‍കിയത്. പശ്ചിമ ബംഗാള്‍, ഒഡിഷ, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര സഹായം അനുവദിച്ചിരിക്കുന്നത്. പ്രളയം, ചുഴലിക്കാറ്റ്, മണ്ണിടിച്ചല്‍ എന്നിവ ഈ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ആറ് സംസ്ഥാനങ്ങള്‍ക്കായി 4381.88 കോടി രൂപയുടെ അധിക സഹായത്തിന് ഉന്നതതല സമിതി അംഗീകാരം നല്‍കിയതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു.
ഉംപുന്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമ ബംഗാളിന് 2707.77 കോടിയും ഒഡിഷയ്‌ക്ക് 128.23 കോടിയും അനുവദിച്ചു. നിസര്‍ഗ ചുഴലിക്കാറ്റ് വീശിയടിച്ച മഹാരാഷ്‌ട്രയ്‌ക്ക് 268.59 കോടി രൂപയാണ് അനുവദിച്ചത്. തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കര്‍ണാടകയ്‌ക്ക് 577.84 കോടിയും മധ്യപ്രദേശിന് 611.61 കോടിയും സിക്കിമിന് 87.84 കോടിയും അനുവദിച്ചു. ആംഫാന്‍ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ മെയ് 22ന് പ്രധാനമന്ത്രി പശ്ചിമ ബംഗാളും, ഒഡിഷയും സന്ദര്‍ശിച്ചിരുന്നു. അടിയന്തര ദുരിതാശ്വാസമായി മെയ് 23ന് പ്രധാനമന്ത്രി 1000 കോടിയുടെ സഹായം പശ്ചിമ ബംഗാളിനും 500 കോടിയുടെ സഹായം ഒഡിഷയ്‌ക്കും പ്രഖ്യാപിച്ചിരുന്നു.
കൂടാതെ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കൂടാതെ 2020-21സാമ്പത്തിക വര്‍ഷത്തില്‍ 28 സംസ്ഥാനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 15524.43 കോടിയുടെ സഹായവും കേന്ദ്രം നല്‍കിയിരുന്നു.