ന്യൂഡൽഹി: ആശുപത്രികൾക്കും മറ്റ് മെഡിക്കൽ ആവശ്യങ്ങൾക്കും മെഡിക്കൽ ഓക്സിജന്‍റെ ലഭ്യതയിൽ തടസമുണ്ടാകാത്ത രീതിയിൽ ചില വ്യവസായങ്ങൾക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഓക്സിജൻ വിതരണം ചെയ്യാൻ കേന്ദ്ര സർക്കാരിന്‍റെ അനുമതി. ഓക്സിജൻ വിതരണം ലഭ്യമാക്കണമെന്ന് വ്യവസായ മേഖലകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അഭ്യർഥിച്ചിരുന്നു.
തുടർച്ചയായ വൈദ്യുതി വിതരണം ആവശ്യമുള്ള ചൂളകൾ, റിഫൈനറികൾ, സ്റ്റീൽ, അലുമിനിയം, ചെമ്പ് സംസ്കരണ പ്ലാന്‍റുകൾ, ഉൽപ്പാദനത്തിന് ഓക്സിജൻ ആവശ്യമുള്ള മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ എന്നീ വ്യവസായ മേഖലകളാണ് ഓക്സിജൻ വിതരണത്തിനായി അഭ്യർഥന നടത്തിയതെന്ന് മന്ത്രാലയം പറയുന്നു.
Also Read: ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ എസ്. ജയ്ശങ്കർ പങ്കെടുക്കും
സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആവശ്യമനുസരിച്ച് ആശുപത്രികളിലേക്കും ആംപ്യൂളുകൾ, മരുന്ന് കുപ്പി നിർമാണ കേന്ദ്രങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ഓക്സിജൻ സിലിണ്ടറുകളുടെയും പിഎസ്‌എ പ്ലാന്‍റുകളുടെയും നിർമാണ കേന്ദ്രങ്ങൾ, ന്യൂട്രൽ ഗ്ലാസ് ട്യൂബിങ്, പ്രതിരോധ സേന എന്നിവയ്ക്കും ആവശ്യമായ വിതരണം ഉറപ്പാക്കിക്കൊണ്ട് മറ്റ് വ്യവസായങ്ങൾക്ക് ദ്രാവക ഓക്സിജൻ ഉപയോഗിക്കാൻ ഡിപ്പാർട്ട്മെന്‍റ് ഫോർ ഇൻഡസ്ട്രി ആൻഡ് ഇന്‍റേണൽ ട്രേഡ് അനുമതി നൽകിയേക്കാം എന്ന് മന്ത്രാലയം പറയുന്നു.