ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ നിർമാണം പൂർത്തികരിക്കാൻ സമയപരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ. 2022 ഡിസംബറോടെ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. സെൻട്രൽ വിസ്ത പദ്ധതി അവശ്യസേവനമായി കണക്കാക്കിയിരിക്കുന്നതിനാല്‍ ഡൽഹിയിലെ കൊവിഡ് ലോക്ക് ഡൗണിൽ നിർമാണ ജോലികൾ തടസമില്ലാതെ നടക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സെൻട്രൽ വിസ്ത പദ്ധതിയിൽ അടുത്ത വർഷം ഡിസംബറോടെ ആദ്യം പൂർത്തീകരിക്കുന്ന കെട്ടിടങ്ങളിലൊന്ന് പ്രധാനമന്ത്രിയുടെ വസതിയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ ജീവനക്കാർക്കുള്ള ആസ്ഥാന മന്ദിരത്തിന്‍റെ നിർമാണവും ഇതിനൊപ്പം പൂർത്തിയാക്കും. ഉപരാഷ്ട്രപതിയുടെ വസതിയും അടുത്ത വർഷത്തോടെ സജ്ജമാക്കും. 13,500 കോടി രൂപയാണ് പുതിയ കെട്ടിടങ്ങളുടെ നിർമാണത്തിനായി പ്രതീക്ഷിക്കുന്നത്.
64,500 ചതുരശ്രമീറ്റർ വിസ്തീർണമുള്ള പുതിയ പാർലമെന്‍റ് മന്ദിരം 971 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്. പദ്ധതിയുടെ ഭാഗമായി രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന നാല് കിലോ മീറ്ററോളമുള്ള രാജ്പഥ് പാതയ്ക്കിരുവശത്തുമായി സമഗ്രമാറ്റവുമുണ്ടാകും. 2024 പൊതുതെരഞ്ഞെടുപ്പിന് മുമ്പ് മുഴുവൻ ജോലികളും പൂർത്തീകരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് 20,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോകുന്നത്. കൊവിഡ് കേസുകൾ അനുദിനം വർധിക്കുന്ന സമയത്ത് കേന്ദ്ര സർക്കാർ വ്യക്തമായ കാഴ്ചപ്പാടോടെ നീങ്ങണമെന്നും ഈ ഘട്ടത്തിൽ സെൻട്രൽ വിസ്തയ്ക്കുവേണ്ടി വൻതുക ചെലവഴിക്കരുതെന്നും കഴിഞ്ഞ ആഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.