ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് അല്ലെങ്കിൽ മ്യൂക്കോർമൈക്കോസിസ് ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന ലിപ്പോസോമൽ ആംഫോട്ടെറിസിൻ-ബി കുത്തിവയ്പ്പുകളുടെ ഉൽപാദനം വർധിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ അഞ്ച് കമ്പനികൾക്ക് ലൈസൻസ് നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ലോകത്ത് എവിടെ നിന്നും ഇവയുടെ ലഭ്യത ഉറപ്പ് വരുത്തണമെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തെതുടർന്ന് ലോകമെമ്പാടുമുള്ള ഇന്ത്യൻ മിഷനുകൾ ആംഫോട്ടെറിസിൻ-ബിയുടെ (ആംബിസോം) വിതരണം വർധിപ്പിക്കുന്നതിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി മൈലാനിലൂടെ ഇന്ത്യയിലേക്ക് ആംബിസോം വിതരണം ത്വരിതപ്പെടുത്തുന്നതിനായി യുഎസിലെ ഗിലെയാദ് സയൻസസ് പ്രവർത്തിക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
ഇതുവരെ ആംബിസോമിന്‍റെ 1,21,000ലധികം കുപ്പികളാണ് ഇന്ത്യയിലെത്തിയിട്ടുള്ളത്. ഇതിന് പുറമെ 85,000 കുപ്പികൾ കൂടി എത്താനുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഒരു മില്യൺ ഡോസ് ആംബിസോം ഇന്ത്യയിലേക്ക് മൈലാൻ വഴി വിതരണം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം ആംഫോട്ടെറിസിൻ-ബിയുടെ 29,250 കുപ്പികൾ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും അനുവദിച്ചതായി കേന്ദ്ര രാസവസ്തു-രാസവള മന്ത്രി സദാനന്ദ ഗൗഡ ഇന്നലെ അറിയിച്ചു. നേരത്തെ മെയ് 24ന് 19,420 കുപ്പികളും മെയ് 21ന് 23,680 കുപ്പികളും രാജ്യത്തുടനീളം വിതരണം ചെയ്തതിന് പുറമേയാണിത്.
Also Read: ബ്ലാക്ക് ഫംഗസ്;കുത്തിവെപ്പിനുള്ള 3000ഡോസ് മരുന്ന് ലഭിച്ചെന്ന് വൈ.എസ് ജഗൻമോഹൻ റെഡ്ഡി