ന്യൂഡല്‍ഹി : സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കേരളത്തിന് താത്‌കാലിക ആശ്വാസം പകര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. സംസ്ഥാനത്തിന് 1404 കോടി രൂപ അനുവദിച്ചു. ഉത്സവ സീസണ്‍ കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍.
അധിക നികുതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനത്തിന് തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന വിഹിതത്തിനൊപ്പം ഒരു വിഹിതം കൂടി നല്‍കാനാണ് തീരുമാനം. ഡിസംബര്‍ 11ന് നല്‍കിയ നികുതി വിഹിതത്തിന്‍റെ അധിക ഗഡു ആയിട്ടാണ് നിലവില്‍ തുക അനുവദിച്ചിരിക്കുന്നത് (Financial Crisis In Kerala).
അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യ ക്ഷേമം എന്നിവയ്‌ക്കായാണ് തുക അനുവദിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ക്കുള്ള പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കാന്‍ സാധിക്കാതെ കേരളം പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ ധനസഹായം. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 72,961.21 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട് (Pension Issues Kerala).
സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ തുക അനുവദിച്ചിരിക്കുന്നത് ഉത്തര്‍പ്രദേശിനാണ്. 13,088 കോടി രൂപയാണ് ഉത്തര്‍പ്രദേശിന് അനുവദിച്ചിട്ടുള്ളത്. കേരളത്തിന് നിലവില്‍ ലഭിക്കാനുള്ള 1408 കോടി രൂപയുടെ നികുതി വിഹിതത്തിന്‍റെ കൂടെ 1404 കോടി രൂപ അധിക വിഹിതമായാണ് ലഭിക്കുക. സംസ്ഥാനത്തിന് നികുതി വിഹിതം വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരില്‍ വലിയ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇത് തുടര്‍ന്നാണ് മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിനും ധനസഹായം അനുവദിച്ചത്.