ഒരുകാലത്ത് ആളുകള്‍ക്കിടയില്‍ വളരെയധികം ഭീതി ജനിപ്പിച്ചിരുന്ന രോഗമായിരുന്നു അര്‍ബുദം. അര്‍ബുദം പിടിപെട്ടാല്‍ മരണം നിശ്ചയമാണെന്ന തരത്തിലുള്ള തെറ്റായ ധാരണകളായിരുന്നു ഭയത്തിന് പിന്നില്‍. എന്നാല്‍ ആരോഗ്യ രംഗത്തുണ്ടായ പല മാറ്റങ്ങളും രോഗത്തെ കുറിച്ച് ജനങ്ങളില്‍ ഉണ്ടായ അവബോധവും കാന്‍സറിനെ ഒരു സാധാരണ രോഗത്തെ പോലെ കണ്ട് ധൈര്യമായി നേരിടാന്‍ ആളുകളെ പ്രാപ്‌തരാക്കി. ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നതിന്‍റെ പ്രധാന ലക്ഷ്യവും ഇതുതന്നെ.
ലോക കാന്‍സര്‍ ദിനത്തിന്‍റെ ലക്ഷ്യങ്ങള്‍ പോലെ തന്നെ കാന്‍സറുമായി ബന്ധപ്പെട്ട മിഥ്യാധാരണകള്‍ ഇല്ലാതാക്കാന്‍ സഹായിച്ച ഒന്നാണ് രോഗം ഭേദമായവരുടെ അനുഭവങ്ങള്‍. ഇത്തരം അനുഭവങ്ങള്‍ പങ്കുവയ്‌ക്കപ്പെടുന്നതിലൂടെ മറ്റെല്ലാ രോഗങ്ങളെയും പോലെ കാന്‍സറിന് ചികിത്സയുണ്ടെന്നും ശരിയായ സമയത്ത് കണ്ടുപിടിക്കപ്പെട്ടാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന രോഗമാണ് ഇതെന്നുമുള്ള അറിവ് ആളുകളില്‍ ഉണ്ടാകും. ലോക കാന്‍സര്‍ ദിനമായി ആചരിക്കപ്പെടുന്ന ഇന്ന് തങ്ങളുടെ രോഗ അനുഭവം പങ്കുവച്ച് ആളുകളില്‍ അവബോധം വളര്‍ത്തിയ ചില സെലിബ്രിറ്റികളെ കുറിച്ച് അറിയാം.
മനീഷ കൊയ്‌രാള
ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നേപ്പാളി അഭിനേത്രിയാണ് മനീഷ കൊയ്‌രാള. 2012ല്‍ നടിക്ക് അണ്ഡാശയ കാന്‍സര്‍ സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തോളം നീണ്ട ചികിത്സ. ചികിത്സയുടെ ഓരോ ഘട്ടവും മനീഷ ആരാധകരുമായി പങ്കുവച്ചു കൊണ്ടിരുന്നു. ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രങ്ങള്‍, ചികിത്സയുടെ ഭാഗമായി മുടി നഷ്‌ടപ്പെട്ടപ്പോഴുള്ള ചിത്രം.. അങ്ങനെ കാന്‍സര്‍ അതിജീവന യാത്രയില്‍ താന്‍ താണ്ടിയ കടമ്പകള്‍ ഓരോന്നായി അവര്‍ പങ്കുവച്ചു. ഒരുവര്‍ഷത്തെ ചികിത്സയ്‌ക്ക് ശേഷം മനീഷ കൊയ്‌രാള കാന്‍സറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. പിന്നീട് തന്‍റെ കാന്‍സര്‍ അനുഭവങ്ങള്‍ കുറിച്ച് കൊണ്ട് മനീഷ 'ഹീല്‍ഡ്: ഹൗ കാന്‍സര്‍ ഗേവ് മീ എ ന്യൂ ലൈഫ്' എന്ന പേരില്‍ പുസ്‌തകവും പുറത്തിറക്കി. കാന്‍സര്‍ രോഗികളില്‍ രോഗാവസ്ഥയെ കുറിച്ചും ചികിത്സയെ കുറിച്ചും അവബോധമുണ്ടാക്കാന്‍ മനീഷ കൊയ്‌രാളയുടെ അനുഭവം ഏറെ പ്രയോജനപ്പെട്ടു. ലോക കാന്‍സര്‍ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി മനീഷ കൊയ്‌രാള രോഗികളെ സ്വാധീനിക്കാറുണ്ട്.
സൊനാലി ബിന്ദ്ര
അര്‍ബുദത്തോട് പൊരുതി ജയിച്ച മറ്റൊരു ബോളിവുഡ് നടിയാണ് സൊനാലി ബിന്ദ്ര. തന്‍റെ അതിജീവന കഥ പങ്കുവച്ച് നിരവധി തവണ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് താരം. 2018ലാണ് സൊനാലിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. മെറ്റാസ്റ്റാറ്റിക് കാന്‍സറായിരുന്നു സൊനാലിക്ക്. താന്‍ കാന്‍സര്‍ ബാധിതയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയ താരം ചികിത്സയുടെ ഭാഗമായി മുടി മുറിച്ചത് ഉള്‍പ്പടെയുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. രക്ഷപ്പെടാനുള്ള സാധ്യത 30 ശതമാനം മാത്രമാണെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞപ്പോഴും രോഗത്തെ ധൈര്യത്തോടെ നേരിട്ട സൊനാലിയുടെ അനുഭവം മറ്റുള്ളവര്‍ക്ക് പ്രചോദനം തന്നെയാണ്.
താഹിറ കശ്യപ്
എഴുത്തുകാരിയും സംവിധായകയും നടന്‍ ആയുഷ്‌മാന്‍ ഖുരാനയുടെ ഭാര്യയുമായ താഹിറ കശ്യപിന് 2018ലാണ് സ്‌തനാര്‍ബുദം ബാധിച്ചത്. തന്‍റെ രോഗാവസ്ഥ ആളുകളില്‍ നിന്ന് മറച്ചുവയ്‌ക്കാന്‍ താഹിറ തയാറായിരുന്നില്ല. സ്‌തനാര്‍ബുദത്തോട് പൊരുതുന്ന ലോകമെമ്പാടുമുള്ള സ്‌ത്രീകളെ പ്രചോദിപ്പിക്കുന്നതിനായി തന്‍റെ കാന്‍സര്‍ അനുഭവം താഹിറ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
യുവരാജ് സിങ്
2012ലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന് കാന്‍സര്‍ സ്ഥിരീകരിച്ചത്. യുഎസിലെ ചികിത്സയ്‌ക്ക് ശേഷം കാന്‍സറിനെ അതിജീവിച്ച് മടങ്ങിയെത്തിയ താരം കാന്‍സര്‍ ബോധവത്‌കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ആരംഭിച്ചു. നിശ്ചിതമായ ഇടവേളകളില്‍ ശരീരം പരിശോധനയ്‌ക്ക് വിധേയമാക്കി കാന്‍സര്‍ ലക്ഷണങ്ങളെ കുറിച്ച് ബോധവാന്‍മാരായിരിക്കാന്‍ ആളുകളെ നിരന്തരം പ്രോത്സാഹിപ്പിക്കുകയാണ് യുവരാജ് സിങ്.
- " class="align-text-top noRightClick twitterSection" data="
">
ലിസ റേ
കനേഡിയന്‍ അഭിനേത്രിയും മോഡലുമായ ലിസ റാണി റേയും കാന്‍സറിനെ അതിജീവിച്ച വ്യക്തിയാണ്. 2009ല്‍ ആണ് ലിസയ്‌ക്ക് രക്താര്‍ബുദ വിഭാഗത്തില്‍ പെടുന്ന മൈലോമ സ്ഥിരീകരിച്ചത്. കഠിനമായ ചികിത്സ ഘട്ടങ്ങളിലൂടെ കടന്നു പോയ നടി കാന്‍സര്‍ ബോധവത്‌കരണത്തിന്‍റെ വക്താവായി മാറി. ധൈര്യവും പ്രതീക്ഷയും കൈവിടാതിരുന്നാല്‍ കാന്‍സറിനെ തോല്‍പ്പിക്കാമെന്ന് തന്‍റെ ജീവിതം കൊണ്ട് ലിസ ലോകത്തിന് കാണിച്ചു കൊടുക്കുകയായിരുന്നു.