ന്യൂഡൽഹി: രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്ര്യദിനാചരണത്തോടനുബന്ധിച്ചുള്ള സർക്കാർ പദ്ധതികൾ ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്‍ററി യോഗത്തിലാണ് രാജ്യത്തിന്‍റെ 75-ാം വാർഷികാഘോഷ പരിപാടികളെ കുറിച്ച് അദ്ദേഹം എംപിമാരെ അറിയിച്ചത്. ദണ്ഡി മാർച്ചിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്നാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക എന്നും അദ്ദേഹം അറിയിച്ചു.
ദണ്ഡിയാത്ര ദിനമായ മാർച്ച് 12 മുതൽ രാജ്യത്തുടനീളം 75 നഗരങ്ങളിലായി ആഘോഷച്ചടങ്ങുകൾ നടത്തുമെന്നാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എംപിമാരോട് അതത് സംസ്ഥാനങ്ങളിൽ ഹാജരാകണമെന്നും കൊവിഡ് -19 വാക്‌സിനേഷൻ ഡ്രൈവിന് നേതൃത്വം നൽകണമെന്നും അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങളേക്കാൾ മുമ്പായി ഇന്ത്യ വേഗം പൂർവസ്ഥിതിയിൽ എത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നിയമസഭയിൽ പാലിക്കേണ്ട അച്ചടക്ക നടപടികളെ കുറിച്ചും പ്രധാനമന്ത്രി യോഗത്തിൽ സംസാരിച്ചു. യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ ഇരുസഭകളിലെയും പാർലമെന്‍റ് അംഗങ്ങൾ ഹാജരാകണമെന്നും അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചുമതലകൾ അനുവദിച്ച പാർട്ടി നേതാക്കൾക്ക് ഇളവ് നൽകിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് മൂലം ലോകം നേരിട്ടുകെണ്ടിരിക്കുന്ന ദുരിതങ്ങളെക്കുറിച്ചും ഇന്ത്യ നേരിട്ട ആഘാതങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഒരേ സമയം രാജ്യം ഭൂകമ്പം, അതിർത്തിതർക്കങ്ങൾ, കൊവിഡ് മഹാമാരി എന്നിവയ്‌ക്ക് സാക്ഷ്യം വഹിച്ചു. എന്നാൽ ഇവയൊക്കെയും മറ്റേതൊരു രാജ്യത്തെയും അപേക്ഷിച്ച് വളരെ മികച്ച രീതിയിലാണ് നാം കൈകാര്യം ചെയ്‌തത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം കഴിഞ്ഞ വർഷം ബിഹാർ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചിട്ടുണ്ടെന്നും അസം, ബംഗാൾ എന്നീ രാജ്യങ്ങളിലും വിജയിക്കുമെന്നും ബിജെപി ദേശീയ പ്രസിഡന്‍റ് ജെപി നദ്ദ പറഞ്ഞു. വരാനിരിക്കുന്ന 5 തെരഞ്ഞെടുപ്പുകളിലും ബിജെപി തന്നെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഒരു വർഷത്തിനിടെ നടക്കുന്ന ആദ്യത്തെ പാർലമെന്‍റ് യോഗമാണിതെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. എല്ലാ കൊവിഡ് മുൻകരുതൽ നടപടികളോടും കൂടിയാണ് തിങ്കളാഴ്‌ച പാർലമെന്‍റ് ബജറ്റ് സെഷന്‍റെ രണ്ടാം ഭാഗം ആരംഭിച്ചത്.