കോയമ്പത്തൂര്‍: ഇന്നലെ (ഒക്‌ടോബര്‍ 23) പുലര്‍ച്ചെയാണ് ഉക്കടം കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപം കാറില്‍ കൊണ്ടു പോകുകയായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ വെന്തുമരിച്ചത്. സംഭവത്തിന് തൊട്ടുമുമ്പ് നാലുപേര്‍ ചേര്‍ന്ന് സിലിണ്ടറുകള്‍ കാറിലേക്ക് കയറ്റുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. വീടിനുള്ളില്‍ നിന്ന് നാലുപേര്‍ ചേര്‍ന്ന് സിലിണ്ടര്‍ കാറു പാര്‍ക്ക് ചെയ്‌ത ഭാഗത്തേക്ക് കൊണ്ടു പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്.
ദൃശ്യങ്ങള്‍ പെട്ടെന്ന് അവസാനിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുപത്തിയഞ്ചുകാരനായ ജമീഷ മുബീനാണ് മരിച്ചത്. ഇയാളും കൂട്ടാളികളുമാണ് സിസിടിവി ദൃശങ്ങളില്‍ ഉള്ളതെന്നാണ് പൊലീസിന്‍റെ നിഗമനം.
അപകടത്തിന് പിന്നാലെ ജമീഷ മുബീനെ കുറിച്ച് എൻഐഎ സംസ്ഥാന പൊലീസ് മേധാവി സി ശൈലേന്ദ്ര ബാബുവിനോട് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഇയാള്‍ക്ക് എതിരെ കേസുകളൊന്നും ഇല്ലെന്ന് പൊലീസ് മേധാവി ദേശീയ ഏജന്‍സിയെ അറിയിച്ചു. അപകടം നടന്ന സ്ഥലത്തു നിന്നും നഖങ്ങള്‍, മാര്‍ബിള്‍ കഷ്‌ണങ്ങള്‍, കാറിന്‍റെ അവശിഷ്‌ടങ്ങള്‍ തുടങ്ങിയവ ഫോറന്‍സിക് വിഭാഗത്തിന് ലഭിച്ചിരുന്നു.
വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്താണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.