ന്യൂഡൽഹി: റദ്ദാക്കിയ പത്താം ക്ലാസ് സിബിഎസ്‌ഇ പരീക്ഷക്ക് പകരം സ്കൂളുകൾ നടത്തുന്ന ഇന്‍റേണൽ പരീക്ഷയുടെ അടിസ്ഥാനത്തിൽ മാർക്ക് പട്ടികപ്പെടുത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. ഏപ്രിൽ 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉന്നതതല കൂടിക്കാഴ്ചയ്ക്ക് ശേഷം കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയതായും പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചതായും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു.
ഇന്‍റേണൽ പരീക്ഷയുടെ അടിസ്ഥാനത്തിൽ പത്താം ക്ലാസ് വിദ്യാർഥികൾക്ക് സ്ഥാനക്കയറ്റം നൽകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലും പറഞ്ഞിരുന്നു.
ജൂൺ മൂന്നാം വാരത്തോടെ പത്താം ക്ലാസ് താൽക്കാലിക ഫലങ്ങൾ പ്രഖ്യാപിക്കും. ഇന്‍റേണൽ മാർക്കിൽ വിദ്യാർത്ഥി തൃപ്തയല്ലെങ്കിൽ സ്ഥിതി സാധാരണ നിലയിലായതിന് ശേഷം മറ്റൊരു പരീക്ഷ എഴുതാം.
സിബിഎസ്ഇ ബോർഡ് പത്താം ക്ലാസ് പരീക്ഷയിൽ 21,50,761 കുട്ടികളും പന്ത്രണ്ടാം ക്ലാസിൽ 14,30,243 കുട്ടികളുമാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്.