ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.37 ശതമാനം വിദ്യാർഥികളാണ് ഇത്തവണ വിജയിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വിജയ ശതമാനമാണ് ഈ വർഷമുണ്ടായിരിക്കുന്നത്.
ചരിത്രത്തിലാദ്യമായാണ് പരീക്ഷ ഇല്ലാതെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കുന്നത്. 15 ലക്ഷത്തോളം വിദ്യാർഥികളാണ് ഫലത്തിനായി കാത്തിരുന്നത്. കേന്ദ്രീയ വിദ്യാലയങ്ങൾ നൂറുശതമാനം വിജയം കരസ്ഥമാക്കി. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം.
99.67 ശതമാനമാണ് പെൺകുട്ടികളുടെ വിജയശതമാനം. ആൺകുട്ടികളുടെ വിജയശതമാനം 99.13 ആണ്. മെറിറ്റ് ലിസ്റ്റ് ഇല്ലാതെയാണ് ഇത്തവണ ഫലപ്രഖ്യാപനം. 65,184 വിദ്യാർഥികളുടെ ഫലം ഓഗസ്റ്റ് അഞ്ചിനാകും ലഭ്യമാകുക. ഇവരുടെ മൂല്യനിർണയം പുരോഗമിക്കുകയാണെന്ന് സിബിഎസ്‌ഇ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ ഒഴിവാക്കി പ്രത്യേക മൂല്യനിർണയ രീതി ഏർപ്പെടുത്തിയാണ് ഈ വർഷത്തെ സിബിഎസ്ഇ ഫലപ്രഖ്യാപനം.
പത്താം ക്ളാസിലെ കൂടുതൽ മാർക്ക് കിട്ടിയ മൂന്ന് തിയറി വിഷയങ്ങളുടെ ശരാശരി മാർക്ക് കണക്കാക്കി 30 ശതമാനം വെയിറ്റേജും നൽകുമ്പോൾ, പന്ത്രണ്ടാം ക്ലാസിൽ പ്രാക്‌ടിക്കൽ ഇന്‍റേണൽ മാർക്ക്, ക്ലാസ് പരീക്ഷകൾ ഉൾപ്പടെയുള്ള പ്രകടനം കണക്കാക്കി 40 ശതമാനം വെയിറ്റേജ് നൽകിയാണ് ഫലപ്രഖ്യാപനം. പരീക്ഷഫലം സിബിഎസ്‌ഇയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.