ന്യൂഡൽഹി : സിബിഎസ്ഇ 10,12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷകൾ നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കും. ഓഫ്‌ലൈനായാകും പരീക്ഷ നടക്കുക. നവംബർ 30ന് ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷ ഡിസംബർ 11ന് അവസാനിക്കും. 12ാം ക്ലാസ് പരീക്ഷ ഡിസംബർ 1ന് ആരംഭിച്ച് ഡിസംബർ 22ന് അവസാനിക്കും. പരീക്ഷാ നടത്തിപ്പിന്റെ എളുപ്പത്തിനുവേണ്ടി മേജർ, മൈനർ വിഷയങ്ങളായി തരം തിരിച്ചാണ് ആദ്യ ടേം നടത്തുക.
ഹിന്ദി, സയൻസ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങൾ മേജർ വിഭാഗത്തിലും തമിഴ്, മലയാളം തുടങ്ങിയ ഭാഷകൾ, സംഗീതം തുടങ്ങിയവ മൈനർ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Also Read: ഡൽഹിയിൽ ഡങ്കിയെ തുടര്‍ന്ന് ഒരു മരണം,കേസുകൾ കൂടുന്നു ; തലസ്ഥാനം ആശങ്കയിൽ
ഈ വർഷം മുതൽ, സിബിഎസ്ഇ രണ്ട് ടേം ആയാണ് ബോർഡ് പരീക്ഷകൾ നടത്തുക. സെക്കൻഡറി, സീനിയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള രണ്ടാം ടേം പരീക്ഷകൾ 2022 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടത്തും.
ഒബ്ജക്‌ടീവ് മാതൃകയിലുള്ള ചോദ്യങ്ങളാണ് ആദ്യ ടേം പരീക്ഷയിൽ ഉണ്ടാകുക. രാവിലെ 11.30ന് ആരംഭിക്കുന്ന പരീക്ഷകളുടെ ദൈർഘ്യം 90 മിനുട്ട് ആയിരിക്കും. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in ൽ വിവരങ്ങള്‍ ലഭ്യമാണ്.