മുംബൈ: മുൻ മുംബൈ പൊലീസ് കമ്മിഷണർ പരം ബിർ സിങ് ഉന്നയിച്ച അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്‍റെ രണ്ട് പേഴ്‌സണൽ അസിസ്റ്റന്‍റുമാരെ (പിഎ) കേന്ദ്ര ബ്യൂറോ ചോദ്യം ചെയ്തു. ഇരുവരെയും ചോദ്യം ചെയ്യാനായി ഒരേ ദിവസം സിബിഐ വിളിപ്പിക്കുകയായിരുന്നു.
ദേശ്മുഖിന്‍റെ പേഴ്സണൽ അസിസ്റ്റന്‍റുമാര്‍ക്ക് പുറമെ സസ്പെൻഡ് ചെയ്ത അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്ടർ സച്ചിൻ വാസെയുടെ രണ്ട് ഡ്രൈവർമാരെയും സിബിഐ ചോദ്യം ചെയ്തു.
മുൻ മുംബൈ പൊലീസ് കമ്മിഷണർ പരം ബിർ സിംഗ്, സച്ചിൻ വെയ്സ്, പരാതിക്കാരനായ ജയശ്രീ പാട്ടീൽ, എസിപി സഞ്ജയ് പാട്ടീൽ, മഹേഷ് ഷെട്ടി (സച്ചില്‍ വെയ്‌സിന്‍റെ അടുത്ത സഹായി) എന്നിവരുടെ മൊഴി ഏജൻസി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
പരം ബിർ സിങ് ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ സിബിഐ പ്രാഥമിക അന്വേഷണം നടത്തണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാരും അനിൽ ദേശ്മുഖും സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഏപ്രിൽ എട്ടിന് തള്ളിയിരുന്നു. കൂടാതെ എന്തെങ്കിലും കുറ്റം തെളിഞ്ഞാല്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും കോടതി ഏജൻസിയോട് നിർദേശിച്ചു. ബോംബെ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഏപ്രിൽ അഞ്ചിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് ദേശ്മുഖ് രാജി സമര്‍പ്പിച്ചു.