മുംബൈ : ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരിക്കേസിൽ വഴിത്തിരിവ്. കേസ് അന്വേഷിച്ചിരുന്ന മുൻ എൻസിബി മേധാവി സമീർ വാങ്കഡെയ്‌ക്കെതിരെ എഫ്ഐആർ. ആര്യൻ ഖാനെതിരെയുള്ള ലഹരിക്കേസ് ഒതുക്കാൻ സമീർ വാങ്കഡെയും സാക്ഷിയായ കെ പി ഗോസാവിയും സഹായി സാൻവിൽ ഡിസൂസയുമായി ചേർന്ന് 25 കോടി തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിലെ പരമാർശം.
ഈ തുക ഒടുവിൽ 18 കോടിയാക്കി തീർപ്പാക്കി. ടോക്കൺ തുകയായി 50 ലക്ഷം രൂപ കൈപ്പറ്റിയെങ്കിലും പിന്നീട് ഈ പണം ഇവർ തിരികെ നൽകിയെന്നും എഫ്ഐആറിൽ പറയുന്നു. കെപി ഗോസാവിയേയും പ്രഭാകർ സെയിലിനെയും സ്വതന്ത്ര സാക്ഷിയാക്കാൻ സമീർ വാങ്കഡെ നിർദേശിച്ചിരുന്നു എന്നും പരാമർശമുണ്ട്. എൻസിബിയുടെ മുൻ മുംബൈ സോണൽ മേധാവിക്കും മറ്റ് നാല് പേർക്കുമെതിരെയാണ് എഫ്‌ഐആർ ഫയൽ ചെയ്‌തിരിക്കുന്നത്.
2021ൽ ആഡംബര കപ്പലായ കോർഡേലിയ ക്രൂയിസിൽ റെയ്‌ഡ് നടത്തി ആര്യൻ ഖാനെ അടക്കം അറസ്റ്റ് ചെയ്‌ത എൻസിബി സംഘത്തിന്‍റെ മേധാവിയായിരുന്നു സമീർ വാങ്കഡെ. ലഹരിക്കേസിൽ നാല് ആഴ്‌ചയോളമാണ് ആര്യൻ ഖാൻ ജയിലിൽ കഴിഞ്ഞത്. പിന്നീട് തെളിവുകളുടെ അഭാവത്തിൽ വിട്ടയക്കുകയായിരുന്നു.
നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ സോണൽ ഡയറക്‌ടറായിരിക്കെ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു ആര്യൻ ഖാൻ അടക്കമുള്ളവരെ ആഡംബര കപ്പലിലെ ലഹരിക്കേസിൽ അറസ്റ്റ് ചെയ്‌തത്. കേസിൽ കുറ്റപത്രം സമർപ്പിച്ച എൻസിബി ആര്യൻ ഖാന് ക്ലീൻ ചിറ്റ് നൽകുകയും പ്രതിപ്പട്ടികയിൽ നിന്ന് ആര്യൻ ഖാനെ ഒഴിവാക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ വാങ്കഡെയെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
കേസിൽ വാങ്കഡെയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വീഴ്‌ച ഉണ്ടായെന്ന് ലഹരി വിരുദ്ധ ഏജൻസി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ആര്യന്‍ ഖാനെ കസ്റ്റഡിയിലെടുത്തയുടന്‍ വൈദ്യ പരിശോധന നടത്തിയില്ലെന്നതും വീഴ്‌ചയായി ചൂണ്ടിക്കാട്ടി. വീഡിയോ ചിത്രീകരിക്കാതെയാണ് റെയ്‌ഡ് നടത്തിയതെന്ന ആരോപണവും വാങ്കഡെയ്‌ക്കെതിരെ ഉയർന്നു. ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാന്‍ സമീര്‍ വാങ്കഡെ പദ്ധതിയിട്ടിരുന്നെന്ന് സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.