മുംബൈ: സര്‍ക്കാര്‍ ജോലി സ്വന്തമാക്കാനായി വ്യാജ രേഖകള്‍ സമര്‍പ്പിച്ച രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് സിബിഐ. പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ് 35 വര്‍ഷം മുമ്പ് പ്രതികള്‍ വ്യാജമായി നിര്‍മിച്ചത്. പ്രതികളിലൊരാൾ എംപ്ലോയിസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷനിലെ ക്ലര്‍ക്കും മറ്റൊരാൾ എം.ടി.എൻ.എൽ ജീവനക്കാരനുമാണ്. കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ യുപിയിലും ഡല്‍ഹിയിലും ഉള്ള സ്ഥലങ്ങളില്‍ സിബിഐ പരിശോധന നടത്തി. പരിശോധനയില്‍ പട്ടിക വര്‍ഗ വിഭാഗമാണെന്ന വ്യാജ രേഖകളും മറ്റ് നിരവധി രേഖകളും സംഘം പിടിച്ചെടുത്തു.
യുപി മധുര സ്വദേശിയായ ആദ്യത്തെ പ്രതി 1985 ജൂലൈ 24ന് ആണ് ഇപിഎഫ്ഒയിലെ ലോവർ ഡിവിഷൻ ക്ലർക്ക് തസ്‌തികയിൽ ജോലി നേടിയത്. കൂടാതെ സവായ് മധോപൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അന്ന് പ്രതിക്ക് നൽകിയ എസ്‌ടി സർട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തി. സമര്‍പ്പിച്ച വ്യാജ രേഖകള്‍ പ്രകാരം പ്രതി പിന്നീട് അക്കൗണ്ട് ഓഫീസര്‍, എന്‍ഫോഴ്സ്മെന്‍റ് ഓഫീസര്‍ എന്നീ തസ്‌തികകളിലേക്ക് സ്ഥാനകയറ്റം നേടിയിട്ടുമുണ്ട്.
രണ്ടാമത്തെ കേസില്‍ ഉത്തർപ്രദേശ് ഹാത്രാസ് സ്വദേശിയായ പ്രതി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഡീഗ് (രാജസ്ഥാന്‍) നൽകിയ വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ എസ്‌ടി ക്വാട്ടയിലൂടെ എംടിഎൻഎല്ലിൽ ജോലി നേടിയതായി തെളിഞ്ഞിട്ടുണ്ട്. പ്രതി എസ്‌ടി വിഭാഗത്തിൽ വകുപ്പുതല പരീക്ഷയിലൂടെ ജൂനിയർ ടെലികോം ഓഫീസറായിട്ടാണ് (ജെടിഒ) ജോലി നോക്കിയത്. ശേഷം 2018 ജൂലൈ 31ന് ദില്ലിയിലെ എംടിഎൻഎല്ലിൽ നിന്ന് സീനിയർ മാനേജരായി പ്രതി വിരമിച്ചു. 1987ൽ എസ്‌ടി ക്വാട്ടയുടെ ആനുകൂല്യപ്രകാരം ഒരു ഡിഡിഎ ഫ്ലാറ്റും പ്രതി നേടിയിട്ടുണ്ട്. രണ്ട് കേസുകളിലും അന്വേഷണം തുടരുകയാണെന്ന് സിബിഐ അറിയിച്ചു.