ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികളായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് എന്നിവയുടെ മേധാവിമാരുടെ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടി കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച് പുറത്തിറക്കിയ ഓർഡിനൻസുകൾക്ക് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകി.
നിലവിൽ രണ്ട് വർഷമായിരുന്നു മേധാവിമാരുടെ കാലാവധി. രണ്ട് വർഷത്തെ കാലാവധി തീരുന്ന മുറക്ക് ഓരോ വർഷം വീതം മൂന്ന് പ്രാവശ്യം വരെ കാലാവധി നീട്ടി നൽകാമെന്ന് ഓർഡിനൻസിൽ പറയുന്നു. എന്നാൽ അഞ്ച് വർഷത്തിന് ശേഷം കാലാവധി പിന്നീട് നീട്ടി നൽകാനാകില്ല.
ഓർഡിനൻസ് വന്നതോടെ ഇഡി ഡയറക്‌ടർ എസ്.കെ മിശ്ര, സിബിഐ ഡയറക്‌ടർ സുബോധ് കുമാർ ജയ്‌സ്വാൾ എന്നിവർക്ക് കൂടുതൽ കാലം പദവിയിൽ തുടരാനായേക്കും. ഈ മാസം 17ന് മിശ്രയുടെ രണ്ട് വർഷത്തെ സേവനം അവസാനിക്കാനിരിക്കെയാണ് സർക്കാർ പുതിയ ഓർഡിനൻസ് പുറത്തിറക്കിയത്. കേന്ദ്രം ഉടൻ തന്നെ ഓർഡിനൻസ് പാർലമെന്‍റിൽ അവതരിപ്പിക്കും.
Also Read: എഞ്ചിനീയറിങ് കോളജുകളിലെ അയോഗ്യരായ അധ്യാപകരെ തരംതാഴ്ത്തി സര്‍ക്കാര്‍ ഉത്തരവ്