ന്യൂഡൽഹി: യെസ് ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അവന്ത റിയൽറ്റിയിലെ വ്യവസായി ഗൗതം ഥാപ്പറിനെതിരെ സി.ബി.ഐ കേസെടുത്തു. ഡൽഹി എൻ.സി.ആർ, ലഖ്‌നൗ, സെക്കന്തരാബാദ്, കൊൽക്കത്ത എന്നിവയുൾപ്പെടെ 14 സ്ഥലങ്ങളിൽ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരികയാണെന്ന് സി.ബി.ഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിരവധി പേർക്കെതിരെ കേസ്
ഥാപ്പർ, അവന്ത റിയൽറ്റി ലിമിറ്റഡ്, ഒയിസ്‌റ്റർ ബിൽഡ്‌വെൽ പ്രൈവറ്റ് ലിമിറ്റഡ്, രഘുബിർ കുമാർ ശർമ, രാജേന്ദ്ര കുമാർ മംഗൽ, തപ്‌സി മഹാജൻ, ജാബുവ പവർ ഇൻവെസ്‌റ്റ്‌മെന്‍റ് ലിമിറ്റഡ്, അവന്ത പവർ ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചറിലെ ചില ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ബാങ്ക് സ്ഥാപകനെതിരെയും കേസ്
ഗുരുഗ്രാം, ഡൽഹി എന്നീ സ്ഥലങ്ങൾ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി 2017 ഡിസംബറിൽ യെസ് ബാങ്ക് ലിമിറ്റഡിൽ നിന്ന് 515 കോടി രൂപ വായ്‌യെടുത്തതായും ആരോപണം ഉയരുന്നുണ്ട്. എന്നാൽ വായ്‌പയെടുത്ത പണം കമ്പനി തിരിച്ചടച്ചിരുന്നില്ല. തുടർന്ന് 2017 മുതൽ 2019 വരെയുള്ള കാലയളവിൽ വിശ്വാസ വഞ്ചന, ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ എന്നിവയിലൂടെ യെസ് ബാങ്കിന് 66.5 കോടി രൂപ നഷ്‌ടമുണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്.
വായ്‌പാ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂർ, ഭാര്യ ബിന്ദു കപൂർ എന്നിവർക്കെതിരെ സി.ബി.ഐ മുൻപ് കേസെടുത്തിരുന്നു.
Also Read: മനുഷ്യക്കടത്ത്; ബംഗ്ലാദേശ് സ്വദേശി പിടിയിൽ