ന്യൂഡൽഹി: പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. അനിൽ മോർ, ദിൽബാഗ് സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിറക്‌പൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി തീർപ്പാക്കുന്നതിന് പരാതിക്കാരനിൽ നിന്നും 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ സിബിഐ ചണ്ഡിഗഡിൽ കേസ് രജിസ്റ്റർ ചെയ്തു.
പരാതിക്കാരനോട് ആവശ്യപ്പെട്ട 50 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. 12.5 ലക്ഷം രൂപ നേരത്തെ പരാതിക്കാരൻ പ്രതിക്ക് കൈമാറിയതായും ആരോപണമുണ്ട്.
പണം സ്വീകരിച്ച ശേഷം പ്രതി തന്നോടൊപ്പം ഉണ്ടായിരുന്നയാൾക്ക് കൈമാറി. ഇരുവരേയും പിടികൂടി കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പഞ്ചാബിലെ സിറക്‌പൂർ, ഹരിയാനയിലെ ജിന്ദ്, കൈതൽ എന്നിവിടങ്ങളിലെ പ്രതികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ സിബിഐ തിരച്ചിൽ നടത്തി.