ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള പണമൊഴുക്ക് പൊലീസുകാരെ വലയ്ക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രഖ്യാപനം വന്ന് നാല് ദിവസത്തിനകം 37.07 കോടി രൂപയോളം പൊലീസ് പിടിച്ചെടുത്തു (Cash Flow In Telangana Before Assembly Polls). വ്യാഴാഴ്‌ച വരെ നടന്ന പരിശോധനയില്‍ 20.43 കോടി രൂപ പണവും 14.66 കോടി രൂപയുടെ സ്വർണവും വെള്ളിയും, 89 ലക്ഷം രൂപയുടെ മയക്കുമരുന്നും, 87 ലക്ഷം രൂപയുടെ മദ്യ ശേഖരവും, വിതരണം ചെയ്യാനുദ്ദേശിച്ച 22.51 ലക്ഷം രൂപയുടെ സാധനങ്ങളും പിടിച്ചെടുത്തു.
സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും വോട്ടിന് വേണ്ടി ജനങ്ങളെ സ്വാധീനിക്കുന്നതിനായി അമിതമായി പണം ചെലവഴിക്കുന്നതായി ആരോപണമുണ്ട്. പണവിതരണത്തിൽ ഏർപ്പെട്ടിരിക്കുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഇതേത്തുടർന്നാണ് സംസ്ഥാനത്തുടനീളം അധികൃതർ വ്യാപക പരിശോധന നടത്തുന്നത്. സംസ്ഥാനത്തെ 89 അന്തർ സംസ്ഥാന അതിർത്തികളിലും 169 മേഖലകളിലും പരിശോധന നടത്തിയതായി ചീഫ് ഇലക്‌ട്രറല്‍ ഓഫിസറുടെ ഓഫിസ് അറിയിച്ചു. നിലവിൽ 1,476 പരിശോധനാ സംഘങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇതിൽ 373 ഫ്ലയിങ് സ്ക്വാഡുകൾ, 374 പ്രാദേശിക കേന്ദ്രീകൃത ടീമുകൾ, 729 പ്രതികരണ ടീമുകൾ എന്നിവ ഉൾപ്പെടുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്‍റെ ഭാഗമായി 75,226 കെട്ടിടങ്ങളിൽ സ്ഥാപിച്ചിരുന്ന സർക്കാർ പ്രചാരണ ഫ്ലെക്‌സുകളും ഹോർഡിംഗുകളും നീക്കം ചെയ്‌തതായി സിഇഒയുടെ ഓഫീസ് അറിയിച്ചു. മുൻകരുതൽ നടപടികളുടെ അടിസ്ഥാനത്തിൽ 1,196 പേർക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി കേന്ദ്ര സായുധ പൊലീസ് സേനയുടെ (സിഎപിഎഫ്) 100 കമ്പനികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു. ഓരോ കമ്പനിയിലും 80 സായുധ പൊലീസുകാരാണുള്ളത്. ഒക്‌ടോബർ 20നകം ഈ സേന സംസ്ഥാനത്തെത്തുമെന്ന് അധികൃതർ അറിയിച്ചു.
ബെംഗളൂരുവില്‍ ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ്: കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 42 കോടി രൂപ കണ്ടെത്തി. വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്കായി പണം സ്വരൂപണം നടക്കുന്നുവെന്ന സംശയത്തിലാണ് ആദായ നികുതി റെയ്‌ഡ് നടത്തിയത്. ബെംഗളൂരുവിലെ ആര്‍ടി നഗറിലെ ആത്മാനന്ദ കോളനിയിലെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് 42 കോടി രൂപ കണ്ടെത്തിയത്. ബിബിഎംപി മുന്‍ കോര്‍പറേറ്ററുടെ സഹോദരന്‍ പ്രദീപിന്‍റെ ഫ്ലാറ്റില്‍ നിന്നാണ് പണം കണ്ടെത്തിയത്. കരാറുകാര്‍, ജ്വല്ലറി ഉടമകള്‍, മുന്‍ ബിബിഎംപി കോര്‍പ്പറേറ്റര്‍മാര്‍ എന്നിവരുടെ വീടുകളിലാണ് സംഘം പരിശോധന നടത്തിയത്.
ഇന്നലെ (ഒക്‌ടോബര്‍ 12) വൈകിട്ട് ആറ് മണിയോടെ ആരംഭിച്ച പരിശോധന രാത്രി ഏറെ വൈകിയും തുടര്‍ന്നു. സര്‍ജാപൂരിനടുത്തുള്ള മുള്ളൂര്‍, ആര്‍എംവി എക്‌സ്റ്റന്‍ഷന്‍, ബിഇഎല്‍ സര്‍ക്കിള്‍, മല്ലേശ്വരം, ഡോളര്‍ കോളനി, സദാശിവനഗര്‍, മടികേരി തുടങ്ങി പത്തിലധികം സ്ഥലങ്ങളില്‍ സംഘം പരിശോധന നടത്തി. അതേസമയം തമിഴ്‌നാട്ടിലും ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പ്രശസ്‌ത വ്യവസായി സാന്‍റിയാഗോ മാര്‍ട്ടിന്‍റെ വീട്ടിലും ഓഫിസിലുമാണ് പരിശോധന നടത്തിയത്. ലോട്ടറി വില്‍പ്പനയുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടത്തിയതിന് കേസെടുത്തതിന് പിന്നാലെയാണ് സംഘം പരിശോധനക്കെത്തിയത്.
ALSO READ: കോടികളൊഴുകുന്ന കന്നടപ്പോര്: ഇതുവരെ പിടിച്ചെടുത്തത് 375.60 കോടി രൂപയുടെ അനധികൃത പണവും സാമഗ്രികളും