തിരുനൽവേലി : തമിഴ്‌നാട്ടിൽ ബിഷപ്പിനെ ആക്രമിച്ചെന്ന പരാതിയിൽ ഡി എം കെ(ദ്രാവിഡ മുന്നേറ്റ കഴകം) എം പി ജ്‌ഞാനതിരവിയത്തിനും (S Gnanathiraviyam) മറ്റ് 32 പേർക്കുമെതിരെ കേസ്. സംഭവത്തിന് പിന്നാലെ തിരുനൽവേലി എം പിയുടെ പ്രവര്‍ത്തിയെ വിമർശിച്ച് ഡിഎംകെ ഹൈക്കമാൻഡ് നോട്ടിസ് നൽകുകയും ചെയ്‌തു. ജ്‌ഞാനതിരവിയം പാർട്ടിയ്‌ക്ക് അപകീർത്തി വരുത്തിയെന്നാണ് ഹൈക്കമാൻഡ് നോട്ടിസിൽ പറയുന്നത്.
നോട്ടിസ് അയച്ച് ഹൈക്കമാൻഡ് : ഏഴ് ദിവസത്തിനകം പാർട്ടി ഹൈക്കമാൻഡിന് മുന്നിൽ ഹാജരായി വിശദീകരണം നൽകാനാണ് നോട്ടിസിൽ എം പിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിൽ വീഴ്‌ച വരുത്തിയാൽ നടപടിയെടുക്കുമെന്നും നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരുനൽവേലി സിഎസ്‌ഐ രൂപതയിലെ തർക്കത്തെ തുടർന്ന് പാളയംഗോട്ടയിലെ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ഓഫിസിൽ വച്ച് ബിഷപ്പ് ഗോഡ്‌ഫ്രെ നൊബേലിനെ മർദിച്ചതിനാണ് ഡിഎംകെ എം പിയ്‌ക്കും അനുയായികൾക്കുമെതിരെ കേസെടുത്തിട്ടുള്ളത്.
also read : ഡിഎംകെ അനുയായികൾ ട്രിച്ചി ശിവയുടെ വാഹനങ്ങൾ തകർത്തു; 15 പേർക്കെതിരെ പൊലീസ് കേസ്
എം പിയെ പദവിയിൽ നിന്ന് മാറ്റിയതിൽ തർക്കം : എംപിയും അനുയായികളും ബിഷപ്പിനെ കൈയേറ്റം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സഭയുടെ കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ എം പി ഉള്‍പ്പെട്ടിരുന്ന സിഎസ്‌ഐ ഉന്നത വിദ്യാഭ്യാസ സമിതിയിലെ നിയമനങ്ങളെച്ചൊല്ലി ദിവസങ്ങളായി ജ്‌ഞാനതിരവിയവും സിഎസ്ഐ തിരുനൽവേലി രൂപത ആർച്ച് ബിഷപ്പ് ബർണബാസും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
സഭയ്‌ക്ക് കീഴിലുള്ള ജോൺസ് കോളജിന്‍റെ ഡയറക്‌ടർ കൂടിയായിരുന്നു എം പി ജ്‌ഞാനതിരവിയം. എന്നാൽ എം പിക്കെതിരെ ഒരു ആരോപണമുയർന്ന സാഹചര്യത്തിൽ പദവിയിൽ നിന്ന് അദ്ദേഹത്തെ മാറ്റിയതാണ് തർക്കത്തിന് കാരണമായത്. തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടറായ അരുൾമാണിക്കത്തെ അഡ്‌മിനിസ്‌ട്രേറ്ററായി നിയമിക്കുകയായിരുന്നു.
എം പിയ്‌ക്കും അനുയായികൾക്കുമെതിരെ കേസ് : ഇതിൽ അസംതൃപ്‌തി പ്രകടിപ്പിച്ച എംപിയും അനുയായികളും കോളജിലെത്തി അധികൃതരുമായി വാക്കേറ്റം നടത്തി. തുടർന്ന് പ്രശ്‌നം പരിഹരിക്കാനായാണ് ബിഷപ്പ് ബർണബാസ് ബിഷപ്പ് നൊബേലിനെ പാളയംഗോട്ടയിലേയ്‌ക്ക് അയച്ചത്. എന്നാൽ അവിടെ വച്ച് കൗൺസിലുമായി ബന്ധമില്ലാത്ത ആരേയും കടത്തിവിടില്ലെന്ന് ആരോപിച്ച് അദ്ദേഹത്തെ തടഞ്ഞുനിർത്തുകയായിരുന്നു.
ശേഷം, 1971 മുതൽ, സഭയുടെ അംഗമാണെന്ന് പറഞ്ഞ് ബിഷപ്പ് ഓഫിസിലേയ്‌ക്ക് കടക്കാൻ ശ്രമിച്ചു. ഇത് ഇരുകൂട്ടരും തമ്മിലുള്ള രൂക്ഷമായ തർക്കത്തിന് കാരണമായി. ഇതിനിടയിൽ ജ്‌ഞാനതിരവിയവും അനുയായികളും അദ്ദേഹത്തെ മർദിച്ചെന്നാണ് ആരോപണം. സംഭവത്തിന് ശേഷം ബിഷപ്പ് തിരുനൽവേലി പൊലീസിൽ പരാതി നൽകി. എംപി ഉൾപ്പടെ 33 പേർക്കെതിരെ ഐപിസി 147, 294 ബി, 323 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.