ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ അമ്മ പീഡനത്തിന് ഇരയായെന്ന് പൊലീസ് തെറ്റായി എഫ്‌ഐആര്‍ തയ്യാറാക്കിയതായി പരാതി. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ഇഷാനഗര്‍ സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഛത്തര്‍പൂര്‍ പൊലീസ് സൂപ്രണ്ട് വിക്രം സിങ്ങിനാണ് യുവതി പരാതി നല്‍കിയത്.
മെയ് 17നാണ് കേസിനാസ്‌പദമായ സംഭവം. ഏതാനും ദിവസം മുമ്പ് വിവാഹ ചടങ്ങിനിടെയാണ് തന്‍റെ ഏഴു വയസുകാരിയായ മകളെ അയല്‍വാസി പീഡനത്തിന് ഇരയാക്കിയത്. പ്രതികള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് താനും ഭര്‍ത്താവും ഛത്തര്‍പൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത് താന്‍ പീഡനത്തിന് ഇരയായെന്നാണെന്നും സംഭവത്തില്‍ നടപടിയെടുക്കണമെന്നും യുവതി പരാതിയില്‍ പറയുന്നു.
ഇത് പൂര്‍ണമായും പൊലീസിന്‍റെ അനാസ്ഥയാണെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ തെറ്റുകാരാണെങ്കില്‍ ഉടന്‍ നടപടി എടുക്കുമെന്നും എഎസ്‌പി വിക്രം സിങ് പറഞ്ഞു.
പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു: അടുത്തിടെയായി ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളിലെല്ലാം പീഡനങ്ങള്‍ അധികരിച്ചതായുള്ള നിരവധി വാര്‍ത്തകളാണ് നാം കേട്ട് കൊണ്ടിരിക്കുന്നത്. വിവാഹ ചടങ്ങുകളില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ആണ്‍കുട്ടികളും പീഡനങ്ങള്‍ക്ക് ഇരയാകുന്നു. ജോലി സ്ഥലത്തും സ്‌കൂളുകളില്‍ വച്ചും ബസ് യാത്രക്കിടയിലുമെല്ലാം ഇത്തരത്തിലുള്ള പീഡനങ്ങളുണ്ടാകുന്നുണ്ട്.
അടുത്തിടെ ആന്ധ്രപ്രദേശില്‍ നിന്നും പുറത്ത് വന്ന വാര്‍ത്തയാണ് മന്ത്രവാദം മറയാക്കിയുള്ള പീഡനം. യുവതികളെ ഉപയോഗിച്ച് പൂജകള്‍ നടത്തുകയും തുടര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയുമാണ് ചെയ്‌തത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. കേസില്‍ വിവിധയിടങ്ങളില്‍ നിന്നുള്ള മന്ത്രവാദികള്‍ അറസ്റ്റിലാവുകയും ചെയ്‌തു.
പൊന്നേക്കല്ലു സ്വദേശി നാഗേന്ദ്ര ബാബു, മന്ത്രവാദി നാഗേശ്വര റാവു, ചിലക്കലൂരിപേട്ട് സ്വദേശിനി അരവിന്ദ, രാധ, നന്ദ്യാല ജില്ലയില്‍ നിന്നുള്ള സുബ്ബുലു, പവന്‍, സുനില്‍, ശിവ, സാഗര്‍, പെഡ്ഡി റെഡ്ഡി, ഭാസ്‌കര്‍, ഗുണ്ടൂര്‍ സ്വദേശി സുരേഷ്, എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.
ചിലക്കലൂരില്‍പേട്ട് സ്വദേശിനിക്ക് തന്‍റെ കച്ചവടത്തില്‍ നഷ്‌ടമുണ്ടായതോടെയാണ് സോഷ്യല്‍ മീഡിയയിലൂടെ മന്ത്രവാദികളുമായി ബന്ധപ്പെട്ടത്. പൂജ ചെയ്‌താല്‍ കച്ചവടത്തില്‍ നിന്ന് ലാഭം കൊയ്യാമെന്നും സ്‌ത്രീകളെ കൊണ്ട് ചെയ്യിപ്പിച്ചാല്‍ കൂടുതല്‍ ഗുണം ലഭിക്കുമെന്നും മന്ത്രവാദി വിവരം അറിയിച്ചു. പൂജയ്‌ക്ക് സ്‌ത്രീകളെ എത്തിച്ചാല്‍ ഒരു ലക്ഷം രൂപ നല്‍കാമെന്നും അറിയിച്ചു.
ഇതോടെ ചിലക്കലൂരില്‍പേട്ട് സ്വദേശി നിര്‍ധന കുടുംബത്തിലെ രണ്ട് യുവതികളെ പൂജ ചെയ്‌താല്‍ പണം ലഭിക്കുമെന്നറിയിച്ച് കൂട്ടികൊണ്ടു വരികയായിരുന്നു. എന്നാല്‍ മന്ത്രവാദികളുടെ അടുത്തെത്തിയ യുവതികളോട് വിവസ്‌ത്രരായി പൂജയ്‌ക്കിരിക്കാന്‍ മന്ത്രവാദി ആവശ്യപ്പെട്ടു. യുവതികള്‍ അതിന് വിസമ്മതിച്ചതോടെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും വാഹനത്തില്‍ കയറ്റി മറ്റൊരിടത്തേക്ക് കൊണ്ടു പോകുകയും ചെയ്‌തു.
എന്നാല്‍ യാത്രക്കിടെ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി യുവതി ദിശ ആപ്പിലൂടെ പൊലീസില്‍ വിവരം അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തു.