പൂനെ: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരെ രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിനെ തുടര്‍ന്ന് അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയതിന് 60ലധികം പേര്‍ക്കെതിരെ കേസ്. ഇന്നലെ(23.09.2022) പൂനെ ജില്ല കലക്‌ട്രേറ്റിന് പുറത്ത് നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് 41 പ്രതിഷേധ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു. റോഡില്‍ തടസം സൃഷ്‌ടിച്ചതിനും നിയമവിരുദ്ധമായി കൂടിചേര്‍ന്നതിനും നിരവധി പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ പ്രതാപ് മങ്കര്‍ പറഞ്ഞു.
നേരത്തെ തന്നെ പ്രതിഷേധം സംഘടിപ്പിക്കരുതെന്ന് സംഘാടകര്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അവര്‍ ഉത്തരവ് പാലിക്കാന്‍ തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്ന് പ്രതിഷേധക്കാർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 141, 143, 145, 147, 149(നിയമവിരുദ്ധമായ കൂടി ചേരല്‍), 188( ഉദ്യോഗസ്ഥര്‍ പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാതിരുന്നത്), 341( അനാവശ്യ നിയന്ത്രണം) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. കൂടാതെ മഹാരാഷ്‌ട്ര പൊലീസിന്‍റെ ഉചിതമായ വകുപ്പുകള്‍ ചുമത്തിയും കേസ് എടുത്തിട്ടുണ്ട്.
രാജ്യവ്യാപകമായി 106 പിഎഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്‌തു: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികള്‍ ചേര്‍ന്ന് രാജ്യവ്യാപകമായി പിഎഫ്‌ഐയ്‌ക്കെതിരെ വ്യാഴാഴ്‌ച(22.09.2022) റെയ്‌ഡ് സംഘടിപ്പിക്കുകയും തീവ്ര ഇസ്‌ലാമിക സംഘടനയുടെ 106 നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. മഹാരാഷ്‌ട്രയിലും കര്‍ണാടകയിലും 20 പേര്‍ വീതവും തമിഴ്‌നാട് 10, ആന്ധ്രപ്രദേശ് 5, മധ്യപ്രദേശ് 4, പുതുച്ചേരി 3, ഡല്‍ഹി 3, രാജസ്ഥാന്‍ 2 എന്നിങ്ങനെയായിരുന്നു അറസ്റ്റ്.
സമൂഹത്തിലെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി 2006ലാണ് പിഎഫ്ഐ രൂപികരിച്ചത്. എന്നാല്‍ തീവ്ര ഇസ്‌ലാമിക ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഏജന്‍സികള്‍ റെയ്‌ഡ് സംഘടിപ്പിച്ചത്.