ഹോസ്പേട്ട് (കര്‍ണാടക): ഭൂമി തർക്കത്തില്‍ മന്ത്രിക്കെതിരെ കേസെടുത്തു. ഭൂമി തർക്കത്തില്‍ ഒരു കുടുംബത്തെ ഭീഷണിപ്പെടുത്തുകയും, ഇതു മുഖാന്തരം കുടുംബം ആത്മഹത്യക്ക് ശ്രമിച്ചതോടെയുമാണ് ടൂറിസം, പരിസ്ഥിതി മന്ത്രി ആനന്ദ് സിങിനെതിരെ പൊലീസ് കേസെടുത്തത്. ഡി പോലപ്പ എന്നയാളുടെ പരാതിയില്‍ പട്ടികജാതി പട്ടിക വര്‍ഗത്തിനെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരവും, ഐപിസി 504, 506 വകുപ്പുകൾ പ്രകാരവുമാണ് മന്ത്രിക്കും മൂന്ന് പേര്‍ക്കുമെതിരെ പൊലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
ഹോസ്‌പേട്ട് ജില്ലയിലെ ഒരു ഗ്രാമത്തിലെ ചെറിയ കഷ്‌ണം ഭൂമിയെച്ചൊല്ലി ഒരു സമുദായത്തിലെ അംഗങ്ങളും പട്ടികജാതി വിഭാഗത്തിൽപ്പെട്ട പോളപ്പയും തമ്മിലുള്ള തർക്കമാണ് കേസ്. ചൊവ്വാഴ്‌ച (30.08.2022) മന്ത്രി ഗ്രാമം സന്ദർശിച്ചപ്പോൾ തർക്കം പരിഹരിക്കാൻ സഹായിക്കണമെന്ന് സമുദായാംഗങ്ങൾ അഭ്യർത്ഥിച്ചു. ഇതോടെ തര്‍ക്കത്തില്‍ ഇടപെട്ട മന്ത്രി തന്നെയും തന്‍റെ കുടുംബത്തെയും ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പോലപ്പ പരാതിയിൽ ആരോപിച്ചു.
ഇന്നലെ (30.08.2022) രാത്രി ബന്ധുക്കളായ അഞ്ച് പേർക്കൊപ്പമാണ് പരാതിക്കാരൻ ഹോസ്‌പേട്ട് റൂറൽ പൊലീസ് സ്‌റ്റേഷന് സമീപം എത്തിയത്. ഇവര്‍ സ്വയം തീകൊളുത്താൻ ശ്രമിച്ചുവെന്നും എന്നാൽ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം, പോലപ്പയ്‌ക്കും മറ്റ് അഞ്ച് പേർക്കുമെതിരെ ആത്മഹത്യാശ്രമത്തിന് കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.