മുംബൈ: ചികിത്സയ്ക്കിടെ പിതാവ് മരിച്ചതിനെ തുടർന്ന് രണ്ട് സഹോദരന്മാർ സർക്കാർ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതായി പരാതി. വെള്ളിയാഴ്ചയാണ് സംഭവം. ചികിത്സ പിഴവിനെ തുടർന്നാണ് പിതാവ് മരിച്ചത് എന്ന് ആരോപിച്ചായിരുന്നു ഇവർ ഡോക്ടറെ ആക്രമിച്ചത്.
നാസിക് സ്വദേശികളായ രാജേഷ് ഗുപ്ത (36), സഹോദരൻ റോഷൻ ഗുപ്ത (39) എന്നിവരാണ് ഡോക്ടറെ ആക്രമിച്ചത്. ഇവർക്കെതരിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി സിയോൺ ആശുപത്രിയിലെ ഡോക്ടർമാർ മെഴുകുതിരികൾ കത്തിച്ച് പ്രതിഷേധിച്ചു. അതേസമയം, സഹോദരന്മാരെ പിടികൂടാനായി പ്രത്യേക സംഘത്തെ നാസിക്കിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.
കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുവെന്ന് ഉറപ്പുവരുത്തുത്തണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
നിലവിലുള്ള പകർച്ചവ്യാധി നിയന്ത്രണ നിയമം കർശനമായി നടപ്പാക്കണമെന്ന നിർദേശത്തിന് പുറമേയാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ വ്യക്തമാക്കിയിരുന്നു.
Also Read: 'ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം' ; സംസ്ഥാനങ്ങളോട് കേന്ദ്രം
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പകർച്ചവ്യാധി നിയന്ത്രണ നിയമം ഉൾപ്പെടെ നിരവധി നടപടികൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.