മുംബൈ: റോഡ് സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയെ ഡോളിയില്‍ ചുമന്ന് ഗ്രാമവാസികള്‍ താണ്ടിയത് മൂന്ന് കിലോമീറ്റര്‍. മഹാരാഷ്‌ട്രയിലെ നാസിക്കിലെ ത്രയംബകേശ്വർ ഹെഡ്‌പാഡയിലാണ് സംഭവം. വെള്ളിയാഴ്‌ചയാണ്(12.08.2022) ഗ്രാമത്തിലെ വൈശാലി ബേഡ്‌കോളി എന്ന യുവതിക്ക് പ്രസവ വേദനയുണ്ടായത്.
ഗ്രാമത്തില്‍ റോഡ് സൗകര്യമില്ലാത്തതിനാല്‍ വാഹനം വാടകയ്‌ക്ക് എടുക്കണമെങ്കില്‍ മൂന്ന് കിലോമീറ്റര്‍ നടക്കണം. ഉടന്‍ തന്നെ രണ്ട് മുളവടികളെടുത്ത് അതില്‍ പുതപ്പ് തൊട്ടില്‍ പോലെ കെട്ടിയുണ്ടാക്കി (ഡോളി). യുവതിയെ അതില്‍ കിടത്തി കാല്‍നട യാത്ര ആരംഭിച്ചു.
മൂന്ന് കിലോമീറ്റര്‍ നടന്ന് റോഡിലെത്തിയ കുടുംബത്തിന് വാഹനം വാടകയ്‌ക്ക് എടുക്കാനായി. തുടര്‍ന്ന് വാഹനത്തില്‍ എട്ട് കിലോമീറ്റര്‍ അകലെയുള്ള അംബോലിയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ച യുവതി കുഞ്ഞിന് ജന്മം നല്‍കി. മേഖലയില്‍ എല്ലാ വര്‍ഷവും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്.
മൂന്ന് വര്‍ഷം മുമ്പ് ഗ്രാമത്തില്‍ പാമ്പ് കടിയേറ്റ പതിനേഴുകാരി കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചിരുന്നു.
also read: ആശുപത്രിയിലേക്ക് റോഡില്ല; യുവതി വനത്തിനുള്ളില്‍ പ്രസവിച്ചു