ബെംഗളൂരു: ചാമരാജനഗറിലെ സീനിയര്‍ ജിയോളജിസ്റ്റ് കൊല്ലപ്പെട്ട കേസില്‍ മുന്‍ ഡ്രൈവര്‍ അറസ്റ്റില്‍. ചാമരാജനഗറില്‍ മൈന്‍ഡ് ആന്‍ഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടര്‍ പ്രതിമ കൊല്ലപ്പെട്ട കേസിലാണ് ഡ്രൈവര്‍ അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ മഹദേശ്വരബെട്ടയില്‍ ഒളിവില്‍ കഴിയവേ ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് (നവംബര്‍ 4) ഇയാള്‍ അറസ്റ്റിലായത് (Geologist Murder Case).
10 ദിവസം മുമ്പാണ് ചാമരാജനഗറിലെ ഗോഗുലം അപ്പാര്‍ട്ട്‌മെന്‍റില്‍ പ്രതിമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയെ 2 ദിവസം തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടിട്ടും ലഭിക്കാതായതോടെ സഹോദരന്‍ സ്ഥലത്തെത്തുകയായിരുന്നു. അപ്പോഴാണ് വീടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് (Geologist Murder Case In Karnataka).
തുടര്‍ന്ന് സഹോദരന്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചു. സംഭവ സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. വീട്ടില്‍ നിന്ന് സ്വര്‍ണമോ വിലപിടിപ്പുള്ള വസ്‌തുക്കളോ മോഷണം പോയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഡ്രൈവറിലേക്ക് അന്വേഷണമെത്തിയത് (Karnataka Murder Case).
ഏതാനും ദിവസം മുമ്പ് പ്രതിമ ഡ്രൈവറെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടിരുന്നു. ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രതിമയെ ഇയാള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
യുഎസിലെ മലയാളി നഴ്‌സിന്‍റെ കൊലപാതകം: യുഎസില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് യുഎസ് കോടതി. കോട്ടയം ചങ്ങനാശേരി സ്വദേശിയായ ഫിലിപ് മാത്യു എന്ന നെവിനാണ് കോടതി ശിക്ഷ വിധിച്ചത്. കോട്ടയം മോനിപ്പള്ളി സ്വദേശി മെറിന്‍ ജോയിയാണ് കൊല്ലപ്പെട്ടത്. ജൂലൈ 28നായിരുന്നു സംഭവം.
മയാമിയിലെ കോറല്‍ സ്‌പിങ്‌സിലുള്ള ബ്രോവഡ് ഹെല്‍ത്ത് ഹോസ്‌പിറ്റലിലായിരുന്നു മെറിന്‍ ജോലി ചെയ്‌തിരുന്നത്. ഈ ഹോസ്പിറ്റലിലെ കാര്‍ പാര്‍ക്കിങ്ങില്‍ വച്ചാണ് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതിന് ശേഷം ശരീരത്തിലൂടെ കാര്‍ കയറ്റിയാണ് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസ് വിസ്‌താര സമയത്ത് കുറ്റം സമ്മതിച്ചതിനാലാണ് പ്രതിയെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്.
also read: മൂവാറ്റുപുഴയിൽ അസം സ്വദേശികൾ മരിച്ച നിലയില്‍ ; ഒപ്പം താമസിച്ച ഒഡിഷ സ്വദേശിക്കായി തെരച്ചില്‍