ന്യൂഡല്‍ഹി : കഞ്ചവാലയില്‍ കാറിനാല്‍ വലിച്ചിഴയ്‌ക്കപ്പെട്ട് 20വയസുള്ള യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് നടപടികളില്‍ പ്രതിഷേധം ഉയര്‍ത്തി കുടുംബം. മൃതശരീരം കാണപ്പെട്ട രീതി മനസിലാക്കുമ്പോള്‍ ചില തെറ്റായ കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്ന് കുടുംബം പറഞ്ഞു. പൊലീസ് കാര്യങ്ങള്‍ മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും കുടുംബം പറയുന്നു.
നഗ്‌നയായ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. സംഭവം അപകടമാണെന്ന് പറയാന്‍ സാധിക്കില്ല എന്ന നിലപാടാണ് കുടുംബത്തിന്‍റേത്. തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ശരിയായ അന്വേഷണം നടക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
അശ്രദ്ധയോടെ വാഹനമോടിക്കല്‍, അശ്രദ്ധകാരണം മരണം സംഭവിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കുടുംബം. അതേസമയം സംഭവത്തില്‍ ഡല്‍ഹി പൊലീസിനോട് ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ് ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍. താഴെ പറയുന്ന ആറ് ചോദ്യങ്ങളാണ് അവര്‍ ഉയര്‍ത്തിയിരിക്കുന്നത്
1.യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നോ?
2.എത്ര കിലോമീറ്ററാണ് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കാര്‍ യാത്രചെയ്‌തത്?
3.ചെക്ക്‌പോസ്‌റ്റോ പൊലീസ് കണ്‍ട്രോള്‍ റൂമോ വാഹനത്തിന്‍റെ വഴിയില്‍ ഉണ്ടായിരുന്നില്ലേ?
4.സംഭവസ്ഥലത്ത് നിന്ന് ലഭിച്ച പിസിആര്‍ കോളില്‍ എന്ത് സത്വര നടപടിയാണ് സ്വീകരിച്ചത്?
5.പുതുവത്സരം പ്രമാണിച്ച് എന്ത് പ്രത്യേക സുരക്ഷ ക്രമീകരണങ്ങളാണ് വരുത്തിയത്?
6.കുറ്റാരോപിതരായ യുവാക്കള്‍ക്കെതിരെ ഇതിന് മുമ്പ് പൊലീസ് കേസുകള്‍ ഉണ്ടായിരുന്നോ ?
സ്വാതി മലിവാള്‍ ചോദിച്ചു.
സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്ത് കൃത്യവിലോപം ഉണ്ടായതായി ദൃക്‌സാക്ഷി പറഞ്ഞു. പല തവണ ഫോണില്‍ വിളിച്ചിട്ടും പൊലീസ് തക്ക സമയത്ത് എത്തിയില്ലെന്ന് ദൃക്‌സാക്ഷി പറയുന്നു. യുവതിയെ വലിച്ചിഴച്ച് പോകുന്ന കാര്‍ കണ്ട ഉടനെ താന്‍ പൊലീസിനെ വിളിച്ചെന്ന് ദീപക് പറഞ്ഞു. പൊലീസിന്‍റെ എമര്‍ജന്‍സി നമ്പറായ 112ലാണ് വിളിച്ചത്. പല തവണ വിളിച്ചിട്ടും പൊലീസിന്‍റെ ഭാഗത്ത് നിന്ന് അലംഭാവമാണ് ഉണ്ടായതെന്നും ദീപക് കൂട്ടിച്ചേര്‍ത്തു.