മൈസൂര്‍: കർണാടകയില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. സംഭവത്തില്‍ നിരവധി പേർക്കാണ് പരിക്കേറ്റത്. മൈസൂരിലെ കൊല്ലഗൽ - ടി നരസിപുര മെയിൻ റോഡിൽ കുറുബുരു ഗ്രാമത്തിന് സമീപം ഇന്ന് ഉച്ചയ്‌ക്ക് 2.30നാണ് സംഭവം. കൂട്ടിയിടിച്ചതിന്‍റെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ജനാർദൻ (45), പുനീത് (നാല്), ശശികുമാർ (24) എന്നിവരെ തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാർ ബെല്ലാരി സ്വദേശികളാണ്. മലേ മദേശ്വര ദർശനം കഴിഞ്ഞ് മൈസൂരിലേക്ക് പോവുന്നതിനിടെയാണ് അപകടം. ജില്ല പൊലീസ് സൂപ്രണ്ട് സീമ ലത്കർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ കരിമ്പ് ഉത്‌പാദക സംഘം സംസ്ഥാന പ്രസിഡന്‍റ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.
അപകടത്തിന്‍റെ ഉത്തരവാദിത്തം നാഷണൽ ഹൈവേ അതോറിറ്റി ഏറ്റെടുക്കണമെന്ന് കരിമ്പ് ഉത്‌പാദക സംഘം ഭാരവാഹി കുറുബുരു ശാന്തകുമാർ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. എല്ലാ കുടുംബങ്ങൾക്കും സർക്കാർ അടിയന്തരമായി 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ദേശീയപാത അതോറിറ്റി റോഡരികിലെ കാട് വെട്ടാത്തതിനാലാണ് അപകടങ്ങൾ തുടരെ ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കാറും ബസും കൂട്ടിയിടിച്ച് 11 മരണം: കര്‍ണാടകയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 14ന് രണ്ട് വാഹനാപകടങ്ങളില്‍ 11 പേര്‍ മരിച്ചു. കുടക് ജില്ലയിലെ സംപാജെ ഗേറ്റിലും തുംകൂർ ജില്ലയിലെ സിറ എന്ന സ്ഥലത്തുമാണ് വാഹനാപകടങ്ങളുണ്ടായത്. 11 പേര്‍ക്ക് ജീവന്‍ നഷ്‌ടമായ അപകടങ്ങളില്‍ പരിക്കേറ്റ ഒൻപത് പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
സംപാജെ ഗേറ്റില്‍ കാറും കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പടെയാണ് ആറ് പേര്‍ മരിച്ചത്. മാണ്ഡ്യ ജില്ലയിലെ മദ്ദൂരിൽ നിന്നും ദക്ഷിണ കന്നഡയിലെ സുള്ള്യയിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
തുംകൂർ അപകടം: സ്വകാര്യ ബസും എസ്‌യുവി കാറും കൂട്ടിയിടിച്ചായിരുന്നു തുംകൂർ സിറയില്‍ അപകടം. ഒരു കുടുംബത്തിലെ നാല് പേരുള്‍പ്പടെ അഞ്ച് പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. ബെംഗളൂരു സ്വദേശികളാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ചരക്ക് വാഹനം തോട്ടിലേക്ക് മറിഞ്ഞ് ഒന്‍പത് മരണം: കര്‍ണാടകയിലെ ബെലഗാവിയില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ചരക്ക് വാഹനം തോട്ടിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ച സംഭവം 2022 മെയ് 26നാണുണ്ടായത്. അപകടത്തില്‍ എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. ബെലഗാവിലെ കനബർഗിയില്‍ കല്‍യല്‍ പാലത്തിന് സമീപത്താണ് അപകടം. ഗോകാക് അക്കതംഗിയാര ഹാലാ സ്വദേശികളായ കെട്ടിട നിര്‍മാണ തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. ബെലഗാവിലേക്കുള്ള യാത്രാമധ്യേ വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ട് തോട്ടിലേക്ക് മറിയുകയാണുണ്ടായത്.
READ MORE | കര്‍ണാടകയിലെ രണ്ടിടങ്ങളില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം ; 11 മരണം
പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തോട്ടില്‍ നിന്ന് വാഹനത്തിലുള്ളവരെ പുറത്തെടുത്തത്. ഏഴ് പേര്‍ സംഭവസ്ഥലത്ത് തല്‍ക്ഷണം മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രണ്ട് പേര്‍ മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കർണാടക സര്‍ക്കാര്‍ ഏഴ് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. കര്‍ണാടക സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതവും ജില്ല ഭരണകൂടം രണ്ട് ലക്ഷം രൂപ വീതവും നല്‍കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചിരുന്നു.