ചെന്നൈ : തമിഴ്‌നാട്ടിലെ കൂനൂരില്‍ സൈനിക വിമാനം തകര്‍ന്നുവീണ സംഭവം ഏറെ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. സംയുക്തസേനാ മേധാവി ബിപിൻ റാവത്ത് ഉള്‍പ്പടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരില്‍ 13 പേരും ബുധനാഴ്‌ച മരിച്ചിരുന്നു. അപകടത്തിൽ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്‍റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.
വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍നിന്ന് വിദഗ്‌ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ എയർഫോഴ്‌സ് കമാൻഡ് ആശുപത്രിയിലേക്ക് മാറ്റിയ വരുണ്‍ സിങ് ജീവന് വേണ്ടി പോരാടുകയാണ്. അപകടത്തിൽ വരുണ്‍ സിങ്ങിന് 45 ശതമാനം പൊള്ളലേറ്റിരുന്നു.
ജീവിതത്തിലെ ജയ പരാജയങ്ങളെ കുറിച്ച് അദ്ദേഹം മുന്‍പ് എഴുതിയ ഒരു കത്ത് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ജീവിതത്തില്‍ ശരാശരി ആയിരിക്കുന്നതിനെ സംബന്ധിച്ചാണ് കത്തില്‍ പറയുന്നത്. അഭിനിവേശം പിന്തുടരേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 15ന് ശൗര്യചക്ര ലഭിച്ചതിന് പിന്നാലെ എഴുതിയതാണ് കത്ത്.
'ശൗര്യ ചക്ര' ലഭിച്ചത് ഏറെ അഭിമാനം നൽകുന്നു. അധ്യാപകരും അനധ്യാപകരും സഹപാഠികളും ചേർന്ന് തന്നിലെ ഏറ്റവും മികച്ചത് പുറത്തെടുത്തതിനാലാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. അധ്യാപകരുടെ കൃത്യമായ മാര്‍ഗനിര്‍ദേശം ലഭിച്ചതിനാല്‍ എൻഡിഎയിലും (നാഷണൽ ഡിഫൻസ് അക്കാഡമി) എയർഫോഴ്‌സിന്‍റെ ഫ്ലയിങ് ബ്രാഞ്ചിലും (ഫൈറ്റർ സ്ട്രീം) ചേരാൻ സഹായിച്ചു.
Also read: മരിച്ചവരില്‍ മലയാളിയും; ദുരന്തം പ്രദീപിനെ തട്ടിയെടുത്തത് ജോലിയില്‍ വീണ്ടും പ്രവേശിച്ച് നാലാം ദിനം
പ്ലസ്‌ടു പരീക്ഷയില്‍ ഫസ്‌റ്റ് ഡിവിഷന്‍ കിട്ടിയത് തന്നെ ഏറെ പ്രയാസപ്പെട്ടാണ്. ശക്തമായ മത്സരം നടക്കുന്ന ഇക്കാലത്ത് തങ്ങൾ ശരാശരിക്കാരാണെന്ന് ചിന്തിക്കുന്ന കുട്ടികൾക്ക് ഈ കത്ത് പ്രചോദനമാകും. കായിക - പാഠ്യേതര വിഷയങ്ങളില്‍ താൻ ശരാശരിക്കാരനായിരുന്നു. എന്നാൽ വിമാനങ്ങളിലും വിമാനം പറപ്പിക്കാനും തനിക്ക് എന്നും താൽപ്പര്യമുണ്ടായിരുന്നു.
നിങ്ങള്‍ ശരാശരി ആണെന്നത് കുഴപ്പമില്ല. എന്നാല്‍ നിങ്ങള്‍ക്ക് ഒന്നും നേടാനാകില്ല എന്ന മനോഭാവത്തില്‍ ജീവിക്കരുത്. എല്ലാവർക്കും ഉയർന്ന മാര്‍ക്ക് നേടാനോ മികവ് പുലർത്താനോ കഴിയണമെന്നില്ല. നിങ്ങളുടെ ലക്ഷ്യം പിന്തുടരുക,' വരുണ്‍ സിങ് കത്തില്‍ പറയുന്നു. നിരവധി എയർ ഷോകളിൽ സ്‌കൂളിനെ പ്രതിനിധീകരിച്ച വരുണ്‍ സിങ് ഐഎസ്ആർഒയുടെ 'ഗഗൻയാൻ' പരിപാടിയുടെയും ഭാഗമായിരുന്നു.
ഹരിയാനയിലെ ചാന്ദിമന്ദിറിലുള്ള ആർമി പബ്ലിക് സ്‌കൂള്‍ പ്രിൻസിപ്പലിനെ അഭിസംബോധന ചെയ്‌തുള്ള കത്തില്‍, പൂർവ വിദ്യാർഥിയായിരിക്കെ (2000 ബാച്ച്) അന്നത്തെ പ്രിൻസിപ്പലായിരുന്ന വിങ് കാഡർ (റിട്ട) അവതാർ സിങ്ങുമായുള്ള ബന്ധവും വിവരിക്കുന്നുണ്ട്. നിലവിൽ സ്‌കൂളിലെ വൈസ് പ്രിൻസിപ്പലായ ശ്രീമതി വിജയ് ലക്ഷ്‌മിയുമായുള്ള ബന്ധവും വരുണ്‍ സിങ് കത്തിൽ അനുസ്‌മരിക്കുന്നു.