ഹൈദരാബാദ്: കൊവിഡിനെ പ്രതിരോധിക്കാൻ കഞ്ചാവിലെ ചില രാസസംയുക്തങ്ങൾക്ക് സാധിക്കുമെന്ന് പഠനം. കാനബിസ് സാറ്റിവ എന്നറിയപ്പെടുന്ന ഹെംപ് സംയുക്തങ്ങളായ കന്നാബിനോയിഡ് ആസിഡുകൾ മനുഷ്യകോശങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് കൊവിഡ് വൈറസിനെ തടയുമെന്ന് കെമിക്കൽ സ്ക്രീനിങ്ങിലൂടെ കണ്ടെത്തി. യുഎസിലെ ഒറിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു സംഘമാണ് ഗവേഷണത്തിന് പിന്നിൽ.
ഹെംപിൽ അടങ്ങിയിരിക്കുന്ന കന്നാബിഗെറോലിക് ആസിഡ് (സി.ബി.ജി.എ), കന്നാബിഡിയോളിക് ആസിഡ് (സി.ബി.ഡി.എ) എന്നീ സംയുക്തങ്ങൾക്ക് കൊവിഡ് വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനെ വരുതിയിലാക്കാൻ കഴിയുമെന്നാണ് നാച്ചുറൽ പ്രൊഡക്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.
ALSO READ:റുബെല്ല വാക്‌സിൻ സ്വീകരിച്ച മൂന്ന് കുട്ടികൾ മരിച്ചു; അന്വേഷണത്തിന് ഉത്തരവ്
കന്നാബിനോയിഡ് ആസിഡുകൾ ഹെംപിൽ ധാരാളമായി കാണപ്പെടുന്ന പദാർഥമാണ്. കഞ്ചാവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഇവയെ പല രോഗങ്ങൾക്കുമുള്ള ചികിത്സകളിൽ കാലങ്ങളായി ഉപയോഗിക്കുന്നുണ്ട്. ഇവ മരിൻജുവാനയിൽ അടങ്ങിയിട്ടുള്ള സൈക്കോ ആക്‌ടീവ് ഘടകമായ ടി.എച്ച്.സി പോലുള്ള പദാർഥങ്ങളല്ലെന്നും മനുഷ്യരിൽ സുരക്ഷിതമാണെന്നും ഗവേഷകനായ റിച്ചാർഡ് വാൻ ബ്രീമെൻ പറഞ്ഞു.
കൂടാതെ കൊവിഡിന്‍റെ ആൽഫ, ബീറ്റ എന്നീ വകഭേദങ്ങൾക്കെതിരെയും കന്നാബിനോയിഡ് ആസിഡുകൾ ഒരുപോലെ ഫലപ്രദമാണെന്ന് തങ്ങളുടെ ഗവേഷണം തെളിയിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.