ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. ഇക്കാര്യം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലിന് പ്രിയങ്ക കത്തെഴുതി. നിലവിലെ സാഹചര്യത്തില്‍ തിരക്കേറിയ പരീക്ഷാകേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നത് അസാധ്യമാണ്. കൊവിഡ് രൂക്ഷമായിരിക്കുമ്പോള്‍ കുട്ടികളോട് പരീക്ഷയ്ക്ക് ഹാജരാവാര്‍ പറയുന്നത് ശരിയല്ല. ഏതെങ്കിലും പരീക്ഷാകേന്ദ്രം ഹോട്ട് സ്പോട്ട് മേഖലയിലായാല്‍ വിദ്യാര്‍ഥികളുടെ ആരോഗ്യത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനും, സിബിഎസ്ഇക്കുമായിരിക്കുമെന്നും പ്രിയങ്ക കത്തില്‍ പറയുന്നു.
കൊവിഡ് രണ്ടാം തരംഗത്തില്‍ ദിനംപ്രതി ഒരു ലക്ഷത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ രക്ഷിതാക്കളും കുട്ടികളുമുള്‍പ്പെടെ ഭയവും, ആശങ്കയും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ഇത്തരം സാഹചര്യത്തില്‍ കുട്ടികളെ പരീക്ഷാകേന്ദ്രത്തിലേക്കയയ്ക്കുന്നത് അവരുടെ പ്രകടന ശേഷിയെ മോശമായി ബാധിക്കാന്‍ ഇടയാക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വായനയ്ക്ക്: സിബിഎസ്‌ഇ പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് പ്രിയങ്ക ഗാന്ധി
സ്കൂള്‍ അധികൃതര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നു.രാഷ്ടീയ നേതാക്കള്‍ എന്ന നിലയില്‍ നമ്മുടെ കടമ യുവാക്കളെ സംരക്ഷിക്കുകയും വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാണെന്നും പ്രിയങ്ക കത്തില്‍ കുറിച്ചു.
സിബിഎസ്ഇയുടെ 2021ലെ പുതുക്കിയ തിയ്യതി പ്രകാരം പത്താം ക്ലാസ് പരീക്ഷ മെയ് 4നും ജൂൺ 7നും ഇടയിലാണ് നടക്കുക. പ്ലസ് ടു പരീക്ഷകൾ മെയ് 4 നും ജൂൺ 15 നും ഇടയിൽ നടക്കും. അതേസമയം വിദ്യാർഥികൾക്കിടയിലെ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് രാജ്യത്തുടനീളമുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങള്‍ 40-50 ശതമാനം വർധിപ്പിച്ചതായി സിബിഎസ്‌ഇ അധികൃതർ അറിയിച്ചു.