ടൊറന്‍റോ : ഇന്ത്യയെ പ്രകോപിപ്പിക്കാനോ സംഘര്‍ഷമുണ്ടാക്കാനോ ശ്രമിക്കുന്നില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ (Canadian PM Justin Trudeau About Hardeep Singh Nijjar murder). എന്നാല്‍ കനേഡിയന്‍ സിഖ് പ്രവര്‍ത്തകന്‍റെ കൊലപാതകം ഇന്ത്യ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം ചൊവ്വാഴ്‌ച മാധ്യമങ്ങളോട് പറഞ്ഞു. ഇക്കഴിഞ്ഞ ജൂണില്‍ സിഖ് പ്രവര്‍ത്തകനായ ഹര്‍ദീപ് സിങ് നിജ്ജാര്‍ (Hardeep Singh Nijjar murder Case) കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ പുറത്താക്കിയതിന് പിന്നാലെയാണ് പ്രതികരണവുമായി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയത്.
വിഷയവുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ കാര്യങ്ങളിലും വ്യക്തത വരുത്താന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയം വളരെ ഗൗരവമായി കാണേണ്ടതുണ്ട്. അതിനായാണ് തങ്ങള്‍ ശ്രമം നടത്തിയതെന്നും പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജൂണിലാണ് കാനഡയിലെ ഗുരുദ്വാരക്കുള്ളില്‍ സിഖ് നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടത്. 46 കാരനായ ഹര്‍ദീപ് ഗുരു നാനാക്ക് സിഖ് ഗുരുദ്വാര സാഹിബ് തലവനും ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് (KTF) ചീഫുമായിരുന്നു. പിടികിട്ടാപ്പുള്ളിയായ ഇദ്ദേഹത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യ അന്വേഷിക്കുന്നതിനിടെയായിരുന്നു കൊലപാതകം.
ഗുരുദ്വാരക്കുള്ളില്‍ വച്ച് തോക്കുധാരികളായ രണ്ട് അജ്ഞാതരാണ് ഹര്‍ദീപ് സിങ്ങിനെ വെടിവച്ചിട്ടത്. പഞ്ചാബിലെ ജലന്ധറിലെ ഭര്‍സിങ് പുര സ്വദേശിയായ ഹര്‍ദീപ് സിങ് സിഖ് ഫോര്‍ ജസ്റ്റിസുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നു. പഞ്ചാബില്‍ പുരോഹിതനെ വധിച്ച കേസ് ഉള്‍പ്പടെ നിരവധി കേസുകള്‍ ഹര്‍ദീപ് സിങ് നിജ്ജാറിനെതിരെ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നു.
ദേശ വിരുദ്ധ പ്രവര്‍ത്തനത്തിന് ഇയാള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട റിപുദമാന്‍ സിങ് മാലിക്ക് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിജ്ജാര്‍. ഇന്ത്യയില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടായതിന് പിന്നാലെ 2022ലാണ് നിജ്ജാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചത്.
സംഭവത്തിന് പിന്നാലെ ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്‍റുമാര്‍ക്ക് പങ്കുണ്ടെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിച്ചു. വിഷയത്തില്‍ കനേഡിയന്‍ സുരക്ഷ ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹൗസ് ഓഫ് കോമണ്‍സില്‍ വച്ച് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ഇന്ത്യക്കെതിരെ ട്രൂഡോ ആരോപണങ്ങള്‍ ഉന്നയിച്ചത്.
സംഭവത്തിന് പിന്നാലെ കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ പുറത്താക്കി. ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മിഷണറെ വിളിച്ച് വരുത്തിയാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നുവെന്ന വിവരം അറിയിച്ചത്. മാത്രമല്ല പുറത്താക്കുന്ന പ്രതിനിധി അഞ്ച് ദിവസത്തിനകം ഇന്ത്യ വിടണമെന്നും വിദേശ കാര്യമന്ത്രാലയം നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരണവുമായി രംഗത്തെത്തിയത്.