ന്യൂഡൽഹി: അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അബുദാബി വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഒന്നാം നമ്പർ എഞ്ചിനിന് തീ പിടിച്ചതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തുവെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും എയർ ഇന്ത്യ എക്‌സ്‌പ്രസ് അറിയിച്ചു.
പുലർച്ചെ ഒരു മണിക്ക് അബുദാബിയിൽ നിന്ന് പുറപ്പെട്ട IX 348 (അബുദാബി-കാലിക്കറ്റ്) വിമാനത്തിന്‍റെ എഞ്ചിനിലാണ് തീ പടർന്നത്. വിമാനം 1000 അടി ഉയരത്തിൽ എത്തിയതോടെയാണ് എഞ്ചിനിൽ തീ പിടിച്ചകാര്യം പൈലറ്റുമാരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. ഡിജിസിഎയുടെ കണക്കനുസരിച്ച് വിമാനം പറന്നുയരുമ്പോൾ 184 യാത്രക്കാരുണ്ടായിരുന്നു.
മുൻപും പ്രശ്‌നങ്ങൾ: നേരത്തെ ജനുവരി 23ന് തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാർ മൂലം പറന്നുയർന്ന് 45 മിനിട്ടിനുള്ളിൽ തിരിച്ചിറക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് രാവിലെ 8.30ന് പറന്നുയർന്ന വിമാനം 9.17ന് തിരികെ ലാൻഡ് ചെയ്യുകയായിരുന്നു.
2022 ഡിസംബറിൽ ദുബായിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ പാമ്പിനെ കണ്ടെത്തിയ സംഭവവുമുണ്ടായിരുന്നു. കോഴിക്കോട്ട് നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ ബോയിങ് ബി-737 വിമാനം ദുബായ് വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷമാണ് വിമാനത്തിൽ പാമ്പുണ്ടെന്ന കാര്യം ജീവനക്കാർ റിപ്പോർട്ട് ചെയ്‌തത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഏവിയേഷൻ റെഗുലേറ്ററി ബോഡിയായ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടതായി ഏവിയേഷൻ ബോഡി അറിയിച്ചിരുന്നു.