കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വടക്കേ ദിനാജ്‌പൂര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് കല്‍ക്കട്ട ഹൈക്കോടതി. ഏപ്രില്‍ 21നായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കല്‍ക്കട്ട ഹൈക്കോടതി ജസ്‌റ്റിസ് രാജശേഖര്‍ മന്തയുടെ സിംഗിള്‍ ബഞ്ച്, പ്രസ്‌തുത റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ദേശീയ ബാലാവകാശ കമ്മിഷനില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്.
പൊലീസ് അന്വേഷണം അസാധ്യമെന്ന് അഭിഭാഷകന്‍: കോടതിയുടെ നിര്‍ദേശപ്രകാരം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന്‍റെ വീഡിയോയും ചിത്രങ്ങളും വീണ്ടെടുത്തു. പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം വലിച്ചിഴച്ചുവെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. തങ്ങള്‍ക്ക് ഇതുവരെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു.
മാത്രമല്ല, മൃതദേഹത്തിന്‍റെ അന്തിമകര്‍മങ്ങളും ഇതുവരെ നടത്തിയിരുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ വീണ്ടും പൊലീസ് അന്വേഷണം ആശ്രയിക്കുക അസാധ്യമാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം വലിച്ചിഴച്ചതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്‌ടര്‍ റാങ്കിങ്ങിലുള്ള നാല് പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍റ് ചെയ്‌തിരുന്നു.
ഏപ്രില്‍ 20ന് പെണ്‍കുട്ടിയെയും പ്രദേശത്തെ ഏതാനും യുവാക്കളെയും കാണാതായിരുന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ശേഷം, പൊലീസ് ഇവര്‍ക്കായി തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. അടുത്ത ദിവസമാണ് പെണ്‍കുട്ടിയുടെ മൃതദേഹം പ്രദേശത്തെ കുളത്തിനരികില്‍ നിന്നും കണ്ടെത്തിയത്.
മരണകാരണം വിഷം ഉള്ളില്‍ ചെന്ന്: പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പൊലീസുമായി സഹകരിക്കുന്നതിന് പകരം പ്രക്ഷോഭം നടത്തുകയും മൃതദേഹം സംസ്‌കരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തുവെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍, പീഡനമല്ല, വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇരുപക്ഷത്തുമുള്ള വാദം കേട്ടതിന് ശേഷം കോടതിയ്‌ക്കും ദേശീയ ബാലാവകാശ കമ്മിഷനും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ജസ്‌റ്റിസ് മന്ത ആവശ്യപ്പെട്ടു.
എന്നാല്‍, കേസ് അന്വേഷിക്കുന്നതില്‍ പൊലീസിന് അനാസ്ഥ സംഭവിച്ചെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം തിടുക്കപ്പെട്ട് പൊലീസ് സ്ഥലത്ത് നിന്നും മാറ്റുകയായിരുന്നു. ഇതിനായി മൃതദേഹം വലിച്ചിഴച്ച് ആംബുലന്‍സില്‍ കയറ്റിയെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.
വലിച്ചിഴച്ചില്ലെന്ന് പൊലീസ്: പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഗ്രാമവാസികള്‍ ഒന്നടങ്കം റോഡ് ഉപരോധിച്ചിരുന്നു. എന്നാല്‍, നാട്ടുകാരുടെ ആരോപണം വസ്‌തുതാവിരുദ്ധമാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി തെളിവുകളും മറ്റ് വിവരങ്ങളും ശേഖരിക്കുന്നതിനായാണ് മൃതദേഹം പെട്ടെന്ന് സ്ഥലത്ത് നിന്നും മാറ്റേണ്ടി വന്നത്. കൂടാതെ, മൃതദേഹം വലിച്ചിഴച്ചല്ല ആംബുലന്‍സില്‍ കയറ്റിയതെന്നും വിഷയത്തില്‍ പ്രതികരിച്ച് റായ്‌ഗഞ്ച് എസ്‌പി സന്ന അക്തര്‍ പറഞ്ഞു.
കൊല്ലപ്പെട്ട കുട്ടിയുടെ ശരീരത്തില്‍ കാര്യമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ലൈംഗികാതിക്രമത്തെ തുടര്‍ന്ന് മുറിവേറ്റിട്ടുണ്ടോ എന്ന വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ഡോക്‌ടര്‍മാരുമായി ബന്ധപ്പെടുമെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തില്‍ പൊലീസിന്‍റെ അനാസ്ഥ തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് എസ്‌പി അറിയിച്ചു.