കൊൽക്കത്ത: രാമനവമി ആഘോഷ ദിവസം പശ്ചിമ ബംഗാളിൽ ഉണ്ടായ കലാപം ഹനുമാൻ ജയന്തി ഘോഷയാത്രകൾക്കിടയിൽ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്തിലുടനീളം കടുത്ത സുരക്ഷ ഏർപ്പെടുത്താൻ സംസ്ഥാന പൊലീസിന് നിർദേശം നൽകി കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ്. പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സാഹചര്യം പരിഗണിച്ച് സുരക്ഷ ശക്തമാക്കാൻ കേന്ദ്ര സേനയുടെ സഹായവും സ്വീകരിക്കാൻ കോടതി നിർദേശിച്ചു. ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ഘോഷയാത്രയിൽ എത്ര പേർ പങ്കെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കണമെന്നും ആക്‌ടിങ് ചീഫ് ജസ്‌റ്റിസിന്‍റെ ഡിവിഷൻ ബെഞ്ച് പൊലീസ് ഡിപ്പാർട്ട്‌മെന്‍റിനോട് നിർദേശിച്ചു.
ഇതിനൊപ്പം പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഥയുടെ റൂട്ട് മാപ്പ് മുൻ കൂട്ടി തയ്യാറാക്കണമെന്നും ഘോഷയാത്ര പോകുന്ന വഴിയിൽ ഉടനീളം റോഡിൽ സിസിടിവി കാമറകൾ സ്ഥാപിക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. അന്നേ ദിവസം ഡ്യൂട്ടിയിലുള്ള പൊലീസ് വളണ്ടിയർമാരുടെ പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണമെന്നും ഇതുകൂടാതെ, സ്ഥിതിഗതികൾ വഷളാക്കുന്ന അഭിപ്രായങ്ങളൊന്നും ജനപ്രതിനിധികൾ നടത്താതിരിക്കേണ്ടത് വളരെ പ്രധാനമാണെന്നും കോടതി നിരീക്ഷിച്ചു.
രാമനവമി ഘോഷയാത്രകളിലെ സംഭവങ്ങൾക്ക് ശേഷം ഹനുമാൻ ജയന്തി ദിനത്തിൽ വീണ്ടും സംഘർഷം പടരാതിരിക്കാൻ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കോടതിയെ സമീപിച്ചിരുന്നു.ഈ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വ്യാഴാഴ്‌ച ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രകൾക്കായി സംസ്ഥാനത്ത് നിന്ന് 2000 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന അഡ്വക്കേറ്റ് ജനറൽ ബുധനാഴ്‌ച കേസ് പരിഗണിച്ചപ്പോൾ കോടതിയെ ബോധിപ്പിച്ചു.
ഹനുമാൻ ജയന്തിയുടെ ദിവസം ഘോഷയാത്ര സംഘടിപ്പിക്കുന്ന വ്യക്തികളും സംഘടനകളും തങ്ങൾ ഒരു തരത്തിലും സമാധാനാന്തരീക്ഷം തകർക്കില്ലെന്ന് പൊലീസിന് ഉറപ്പ് നൽകണമെന്നും ജാഥയിൽ പങ്കെടുക്കുന്നവരുടെ എണ്ണവും പൊലീസിനെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. ഈ രീതി പിന്തുടർന്നാൽ ക്രമസമാധാനം നിലനിർത്താൻ പൊലീസിന് കഴിയും. ജാഥ എപ്പോൾ എവിടെ തുടങ്ങുന്നു, എപ്പോൾ എവിടെ അവസാനിക്കും എന്നതും സംഘടനകൾ മുൻകൂട്ടി അറിയിക്കണം. പ്രശ്‌ന ബാധിത പ്രദേശങ്ങൾ മുൻകൂട്ടി തിരിച്ചറിയണമെന്നും അത്തരം പ്രദേശങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു.
പൊലീസുകാരെ സഹായിക്കാൻ ഘോഷയാത്രയിൽ സന്നദ്ധ പ്രവർത്തകർ ഉണ്ടായിരിക്കണം. ഘോഷയാത്ര നടക്കുന്ന റോഡിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സിസിടിവി സ്ഥാപിക്കാനും ആലോചിക്കുന്നതായി അഡ്വക്കേറ്റ് ജനറൽ കോടതിയിൽ ബോധിപ്പിച്ചു. രാമനവമി, ഹനുമാൻ ജയന്തി ദിവസങ്ങളിൽ നടക്കുന്ന ഘോഷയാത്രകൾ സംസ്ഥാനത്ത് അത്ര സാധാരണമായിരുന്നില്ല എന്നും, എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഈ അവസരത്തിൽ ഘോഷയാത്രകളുടെ എണ്ണം വർധിച്ചിട്ടുണ്ട് എന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. പേര് വിവരങ്ങൾ വെളിപ്പെടുത്താത്ത പല അജ്ഞാത മത സംഘടനകളും നിലവിൽ ഘോഷയാത്ര നടത്തുന്നുണ്ട്. ഈ സാഹചര്യം പരിഗണിച്ച് ഘോഷയാത്രയ്ക്ക് 15 ദിവസം മുമ്പ് പൊലീസിനെ വിവരം അറിയിക്കാൻ കോടതി ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.