ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം മൂലം ആരോഗ്യ മേഖല നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുന്നതിനുമായി 23,123 കോടി രൂപയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം നടത്തിയ കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് തീരുമാനം.
also read:തെലങ്കാനയിൽ വൈഎസ് ശർമിള സജീവ രാഷ്ട്രീയത്തിലേക്ക്
2022 മാർച്ച് വരെ പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര ആരോഗ്യ തയാറെടുപ്പുകൾക്കുള്ള പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ഇത് അനുവദിച്ചിരിക്കുന്നത്. നേരത്തെ 15,000 കോടി രൂപ കൊവിഡ് ആശുപത്രികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കുമായി നീക്കിവച്ചിരുന്നു.
ഇപ്പോഴത്തെ പദ്ധതി പ്രകാരം കേന്ദ്രം 15,000 കോടി രൂപയും സംസ്ഥാനങ്ങൾ 8,000 കോടി രൂപയും മുടക്കും. രാജ്യത്തെ 736 ജില്ലകളിലും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഇത് ഉപയോഗിക്കും.