ന്യൂഡൽഹി: പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പ്രകാരം മെയ്-ജൂൺ കാലയളവിൽ 80 കോടി പിഡിഎസ് ഗുണഭോക്താക്കൾക്ക് പ്രതിമാസം 5 കിലോ സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ കേന്ദ്ര മന്ത്രിസഭയുടെ അനുമതി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രത്യാഘാതത്തെ ചെറുക്കുന്നതിനായി 2020 ൽ ജൂലൈ വരെയുള്ള മൂന്നുമാസത്തേക്കാണ് പിഎംജികെഎവൈ പ്രഖ്യാപിക്കുന്നത്. പിന്നീട് നവംബർ വരെ നീട്ടി.
എന്നാൽ കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഭക്ഷ്യ മന്ത്രാലയം മെയ് 1 മുതൽ രണ്ട് മാസത്തേക്ക് പിഎംജികെഎവൈ വീണ്ടും നടപ്പാക്കാൻ തീരുമാനിക്കുകയും മന്ത്രിസഭ യോഗത്തിൽ അംഗീകരിക്കുകയും ചെയ്തു. ഇതുപ്രകാരം ദേശീയ ഭക്ഷ്യസുരക്ഷ നിയമത്തിന്‍റെ പരിധിയിൽ വരുന്ന 79.88 കോടി ഗുണഭോക്താക്കൾക്ക് അഞ്ച് കിലോ വീതം ഭക്ഷ്യ ധാന്യം ലഭിക്കും.
കൊവിഡ് പ്രതിസന്ധി ഉണ്ടാക്കിയ സാമ്പത്തിക തകരാറുകൾ മൂലം ദരിദ്രർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഈ അധിക വിഹിതത്തിന് പരിഹരിക്കാനാകുമെന്ന് സർക്കാർ പറയുന്നു. പദ്ധതി വിജയകരമായി നടപ്പാക്കാനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ ഭക്ഷ്യ കോർപ്പറേഷൻ ഓഫ് ഇന്ത്യ വഴി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും എത്തിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. കേന്ദ്ര സർക്കാരാണ് പദ്ധതിയുടെ ചെലവ് വഹിക്കുക.
പിഎംജികെഎവൈയ്‌ക്ക് കീഴിലുള്ള സംസ്ഥാനങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ അനുവദിക്കുന്നത് എൻഎഫ്‌എസ്‌എ പ്രകാരം നിലവിലുള്ള വിഹിത അനുപാതത്തിന്‍റെ അടിസ്ഥാനത്തിൽ ഭക്ഷ്യ മന്ത്രാലയം തീരുമാനിക്കും. ഭാഗികമായ ലോക്ക്ഡൗൺ സാഹചര്യങ്ങൾ കണക്കിലെടുത്ത് പിഎംജികെഎവൈയുടെ വിതരണ കാലയളവ് നീട്ടുന്നതിനെക്കുറിച്ചും മന്ത്രാലയം തീരുമാനിച്ചേക്കാം.