തിരുവനന്തപുരം : കേരളമടക്കം രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് (Voting for by-election to seven Assembly seats Began). കേരളം കൂടാതെ ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് , ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലാണ് പോളിങ് പുരോഗമിക്കുന്നത്. (Bypolls To 7 Assembly Seats Today). ഇതിൽ പല സംസ്ഥാനങ്ങളിലും ബി ജെ പിയുടെ എൻ ഡി എയും (NDA) പുതുതായി രൂപം കൊണ്ട ഇന്ത്യ (INDIA Alliance) മുന്നണിയും തമ്മിലാണ് മത്സരം. ഇന്ത്യ മുന്നണി നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷണമാണിത്.
കേരളത്തിലെ പുതുപ്പള്ളി (Puthupally Election), ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ, ജാർഖണ്ഡിലെ ദുമ്രി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ, ഉത്തർപ്രദേശിലെ ഘോസി, പശ്ചിമ ബംഗാളിലെ ധൂപ്‌ഗുരി എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലെ ഫലം ബി ജെ പി സർക്കാരിന്‍റെ കേവലഭൂരിപക്ഷത്തെ ബാധിക്കുമെന്നതിനാൽ ഏറെ നിർണായകമാണ്.
പുതുപ്പള്ളി ഉൾപ്പടെ അഞ്ച് മണ്ഡലങ്ങളിൽ ജനപ്രതിനിധികളുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായതെങ്കിൽ ധൻപൂരിലും ഘോസിയിലും രാജിയാണ് തെരഞ്ഞെടുപ്പിന് വഴിവച്ചത്. പുതുപ്പള്ളിയിൽ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരത്തിനാണ് കളമൊരുങ്ങിയത്. യുഡിഎഫിനായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും ഇടതുമുന്നണിക്കുവേണ്ടി ജെയ്‌ക് സി തോമസും അടക്കം ഏഴ് സ്ഥാനാർഥികളാണ് പുതുപ്പള്ളിയിൽ മത്സരരംഗത്തുള്ളത്. സെപ്റ്റംബർ എട്ടിനാണ് പുതുപ്പള്ളി അടക്കം എല്ലായിടത്തും ഫലപ്രഖ്യാപനം.
ഉത്തർപ്രദേശിലെ ഘോസിയിൽ സമാജ്‌വാദി പാർട്ടി എം എൽ എ ആയിരുന്ന ധാരാസിങ് ചൗഹാൻ പാർട്ടിയിൽ നിന്ന് രാജിവച്ച് ബി ജെ പിയിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ്. ഘോസിയിൽ ഇന്ത്യ സഖ്യത്തിന്‍റെ പിന്തുണയും സമാജ്‌വാദി പാർട്ടി സ്ഥാനാർഥിക്കുണ്ട്. ത്രിപുരയിലെ ധൻപൂരില്‍ ബി ജെ പി പ്രതിനിധി പ്രതിമ ഭൗമിക് ലോക്‌സഭ സീറ്റ് നിലനിർത്താന്‍ വേണ്ടി രാജിവച്ചതാണ് തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. ഇക്കുറി പ്രതിമയുടെ സഹോദരൻ ബിന്ദു ദേബ്നാഥാണ് ബി ജെ പി സ്ഥാനാർഥി. ത്രിപുരയിലെ തന്നെ ബോക്സാ നഗറിൽ സി പി എമ്മിന്‍റെ ഷംസുൽ ഹഖിന്‍റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
ഝാർഖണ്ഡിലെ ഡുമ്രി മണ്ഡലത്തില്‍ ഝാർഖണ്ഡ് മുക്തി മോർച്ച എം എൽ എയായിരുന്ന ജഗർനാഥ് മാതോയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ബി ജെ പിയുടെ ചന്ദൻ രാംദാസിന്‍റെ മരണമാണ് തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. പശ്ചിമബംഗാളിലെ ദുപ്ഗുരിയിൽ ബി ജെ പിയുടെ ബിഷ്ണുപദ റോയിയുടെ മരണം മൂലമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവിടെ സി പി എം-കോൺഗ്രസ് സഖ്യവും ബി ജെ പിയും തൃണമൂൽ കോൺഗ്രസും തമ്മിലാണ് മത്സരം.