ന്യൂഡൽഹി : വിദേശ ഫണ്ട് നിയമങ്ങൾ ലംഘിച്ചു എന്ന ആരോപണത്തെത്തുടർന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നടത്തിയ പരിശോധനകൾക്ക് പിന്നാലെ ജീവനക്കാർക്ക് ഇമെയിൽ സന്ദേശം അയച്ച് ബൈജൂസിന്‍റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ. അധികാരികളുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും എല്ലാ ഫോറിൻ എക്‌സ്‌ചേഞ്ച് നിയമങ്ങളും പൂർണമായി പാലിക്കാനുള്ള ശ്രമങ്ങള്‍ ബൈജൂസ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം ജീവനക്കാരെ അറിയിച്ചു.
70-ലധികം ഇംപാക്റ്റ് നിക്ഷേപകരാണ് ബൈജൂസിന് ധനസഹായം നൽകിയിട്ടുള്ളതെന്നും അധികാരികളും ഇതേ നിഗമനത്തിൽ എത്തിച്ചേരുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ബൈജു സന്ദേശത്തിൽ വ്യക്‌തമാക്കി. കൂടാതെ വിദ്യാർഥികളോടും കാഴ്‌ചപ്പാടുകളോടും ഉള്ള പ്രതിബദ്ധതയില്‍ ബൈജൂസ് ഉറച്ചുനിൽക്കുമെന്ന് താൻ ഉറപ്പ് നൽകുന്നുവെന്നും ബൈജു ഇ-മെയിലിലൂടെ വ്യക്‌തമാക്കി.
അതേസമയം ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് (ഫെമ) പ്രകാരമുള്ള പരിശോധനയാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നടത്തിയതെന്നും ബൈജു രവീന്ദ്രൻ പറഞ്ഞു. ബൈജൂസിന്‍റെ വളർച്ചയുടെ ഭാഗമായാണ് വിദേശ വിനിമയങ്ങൾ നടത്തിയതെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട വിവരങ്ങൾ തങ്ങളുടെ പ്രതിനിധികൾ നേരത്തേ തന്നെ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ജീവനക്കാരെ അറിയിച്ചു.
ശനിയാഴ്‌ചയാണ് ബൈജൂസിന്‍റെ ബെംഗളൂരുവിലെ ഓഫിസിലും സിഇഒ ബൈജു രവീന്ദ്രന്‍റെ മൂന്ന് വീടുകളിലും എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് പരിശോധന നടത്തിയത്. വിദേശ ധന വിനിമയത്തെ സംബന്ധിച്ച കേസിലായിരുന്നു പരിശോധന. പരിശോധനയിൽ ഡിജിറ്റൽ ഡാറ്റയും നിരവധി രേഖകളും പിടിച്ചെടുത്തതായി ഇഡി അറിയിച്ചിരുന്നു.
ബൈജുവിന്‍റെ തിങ്ക് ആന്‍റ് ലേണ്‍ കമ്പനി 2011 മുതല്‍ 2023 വരെ 28,000 കോടി രൂപയുടെ വിദേശ നിക്ഷേപങ്ങള്‍ സ്വീകരിച്ചുവെന്ന് ഇഡി ആരോപിച്ചു. ഇതേ കാലയളവില്‍ കമ്പനി നേരിട്ടുള്ള നിക്ഷേപത്തിന്‍റെ പേരില്‍ വിവിധ വിദേശ അധികാരപരിധികളിലേക്ക് 9,754 കോടി രൂപ അയച്ചിട്ടുണ്ടെന്നും ഇഡി വ്യക്‌തമാക്കി.
നിരവധി പരാതികൾ : സ്വകാര്യ വ്യക്തികളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ബൈജൂസിനെതിരെ നടപടിയെന്ന് ഇഡി അറിയിച്ചു. തങ്ങളുടെ സമ്പാദ്യവും ഭാവിയും അപകടത്തിലാണെന്നും തങ്ങളെ കമ്പനി ചൂഷണം ചെയ്യുകയാണെന്നും ഉപഭോക്താക്കള്‍ പരാതിയുമായെത്തി എന്നാണ് ഇഡി വ്യക്‌തമാക്കുന്നത്.
ഇതിന് പിന്നാലെ സിഇഒ ബൈജു രവീന്ദ്രനോട് ഹാജരാകുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇഡി പല തവണ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇതുവരെയും ഹാജരാകാൻ അദ്ദേഹം തയ്യാറായില്ലെന്നും ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും ഇഡി വ്യക്‌തമാക്കിയിരുന്നു. നേരത്തെ ബൈജു രവീന്ദ്രനെ ദേശീയ ബാലാവകാശ കമ്മിഷൻ ചോദ്യം ചെയ്‌തിരുന്നു.
തങ്ങളുടെ കോഴ്‌സ് പഠിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കുട്ടികളെയും മാതാപിതാക്കളെയും സ്വാധീനിക്കുവാന്‍ കമ്പനി അഴിമതി നടത്തുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ദേശീയ ബാലാവകാശ കമ്മിഷന്‍ ബൈജൂസ് സിഇഒയെ ചോദ്യം ചെയ്‌തത്. വായ്‌പ അടിസ്ഥാനത്തിലുള്ള കരാറുകളില്‍ ഏര്‍പ്പെടുവാന്‍ സ്വാധീനിച്ച് ചൂഷണം ചെയ്യുന്നത് 2005ലെ സിആര്‍പിസി നിയമത്തിലെ 13,14 വകുപ്പുകള്‍ പ്രകാരം നിയമവിരുദ്ധമാണെന്നും ദേശീയ ബാലാവകാശ കമ്മിഷന്‍ അറിയിച്ചിരുന്നു.
കനത്ത നഷ്‌ടത്തിൽ : അതേസമയം വലിയ ഉയർച്ചയിലായിരുന്ന ബൈജൂസ് നിലവിൽ കനത്ത നഷ്‌ടത്തിലെന്നാണ് റിപ്പോർട്ട്. 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടിയായിരുന്നു ബൈജൂസിന്‍റെ നഷ്‌ടം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണിത്. 2021ലെ വരുമാനം 2511 കോടിയില്‍ നിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്‌തിരുന്നു.