ബെംഗളൂരു: കര്‍ണാടകയില്‍ ട്രാന്‍സ്‌പോര്‍ട് ബസുകളുടെ പണിമുടക്ക് തുടരുന്നതിനിടെ കൂടുതല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നു. സായുധ സേനയിലെയും പൊലീസിലെയും ഡ്രൈവര്‍മാരുടെ സഹായം സര്‍ക്കാര്‍ തേടും.
അതേ സമയം ബസ് സര്‍വീസ് പ്രതിസന്ധി പരിഹരിക്കാനായി വിരമിച്ച ഡ്രൈവര്‍മാരെയും, കണ്ടക്‌ടര്‍മാരെയും ആശ്രയിക്കാനും തീരുമാനമുണ്ടെന്ന് കര്‍ണാടക ട്രാന്‍സ്‌പോര്‍ട് ഡിപ്പാര്‍ട്ട്‌മെന്‍റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അഞ്ജും പര്‍വേസ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനതലത്തില്‍ തന്നെ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിന് ശേഷമായിരിക്കും സായുധ സേനയുടെയും പൊലീസിന്‍റെയും സഹായം തേടുക. കൂടുതല്‍ ഡ്രൈവര്‍മാരുള്ള രണ്ട് വകുപ്പുകളാണിതെന്നും ഇവരുടെ സഹായം തേടാവുന്നതാണെന്നും അഞ്ജും പര്‍വേസ് കൂട്ടിച്ചേര്‍ത്തു.
വിരമിച്ചവരുടെ സേവനം ഉപയോഗിക്കും
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് വിരമിച്ച ഡ്രൈവര്‍മാരുടെയും കണ്ടക്‌ടര്‍മാരുടെയും വിവരം സര്‍ക്കാര്‍ ശേഖരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കുന്നതിനായി സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെയും സഹായം തേടും. ഇവരുമായി ഇതിനകം സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതായും 18000 ബസുകള്‍ വാടകയ്‌ക്ക് നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്‌തിട്ടുണ്ട്.
നികുതിയിളവ്, പെര്‍മിറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കല്‍ തുടങ്ങിയ ഇളവുകളും സര്‍ക്കാര്‍ ഇവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. സമരം നടത്തുന്ന ജീവനക്കാര്‍ തങ്ങളുടെ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ യാത്രക്കാരെ സഹായിക്കാനായി സര്‍ക്കാറും കടുത്ത നിലപാട് സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്‍റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.
പണിമുടക്ക് പിന്‍വലിച്ച് ജീവനക്കാരോട് ജോലിയില്‍ പ്രവേശിക്കാനും ചര്‍ച്ചക്ക് തയ്യാറാവണമെന്നും മുഖ്യമന്ത്രി യെദ്യൂരപ്പ കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. സമരം തുടരുകയാണെങ്കില്‍ കര്‍ശന നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.
കൂടുതല്‍ വായനയ്‌ക്ക്; കെഎസ്‌ആർടിസി പണിമുടക്ക്; സമരം അവസാനിപ്പിക്കണമെന്ന് യെദ്യൂരപ്പ
സര്‍ക്കാരിന് നഷ്ടം 20 കോടി രൂപ
ജീവനക്കാര്‍ പണിമുടക്കിയതോടെ ദിവസം 20 കോടിയാണ് നഷ്‌ടം കണക്കാക്കുന്നത്. സംസ്ഥാനത്തെ നാല് ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷനുകളിലായി 1.37 ലക്ഷം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. 26000 ബസുകളും സര്‍വീസ് നടത്തുന്നു. ഇതില്‍ തന്നെ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്‍ (കെഎസ്‌ആര്‍ടിസി), നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്‍ (എന്‍ഡബ്ല്യൂകെആര്‍ടിസി), നോര്‍ത്ത് ഈസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്‍ (എന്‍ഇകെആര്‍ടിസി) എന്നീ മൂന്ന് കോര്‍പ്പറേഷന്‍ വഴി 20,000 ബസുകളാണ് സര്‍വീസ് നടത്തുന്നത്. അതേസമയം ബെംഗളൂരില്‍ മാത്രം സര്‍വീസ് നടത്തുന്ന ബെംഗളൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്‍ 6000 ബസുകളാണ് ദിവസേന സര്‍വീസ് നടത്തുന്നത്.
അനുകൂല നിലപാടാണ് സര്‍ക്കാരിന്‍റേതെന്ന് മുഖ്യമന്ത്രി
വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രതികരണമറിയിച്ചിട്ടുണ്ട്. ഇതിനകം ജീവനക്കാരുടെ ഒമ്പത് ആവശ്യങ്ങളില്‍ എട്ടും അംഗീകരിച്ചതായി മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ പറഞ്ഞു. ആറാം ശമ്പള കമ്മിഷന്‍ നടപ്പാക്കുന്നതിലൂടെ സര്‍ക്കാര്‍ ജീവനക്കാരുെട ശമ്പളത്തിന് തുല്യമായി ശമ്പളം വേണമെന്ന് ജീവനക്കാരുടെ ആവശ്യം. ശമ്പളം 30 ശതമാനമായി വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് ഉപമുഖ്യമന്ത്രി ലക്ഷ്‌മണ്‍ സാവേദിയും അറിയിച്ചു. ഗതാഗത വകുപ്പ് കനത്ത നഷ്‌ടത്തിലാണെന്നും രാജ്യം മുഴുവൻ കോവിഡിന്‍റെ പിടിയിലായിരിക്കുമ്പോൾ നിലവിലെ സാഹചര്യങ്ങളിൽ ശമ്പളം എട്ട് ശതമാനം വർധിപ്പിക്കാനുള്ള സർക്കാരിന്‍റെ തീരുമാനത്തെ ദയവായി അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.